മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കി: ലൈലക്കും കുടുംബത്തിനും തോരാകണ്ണീർ
text_fieldsമുഹമ്മദ് റിനാഷ്
തലശ്ശേരി: തലശ്ശേരി നിട്ടൂർ ഗുംട്ടി സ്വദേശി തെക്കേപറമ്പത്ത് വീട്ടിൽ അറങ്ങലോട്ട് മുഹമ്മദ് റിനാഷ് (28) യു.എ.ഇയിൽ വധശിക്ഷക്ക് വിധേയനായതോടെ ഒരു കുടുംബത്തിന്റെ സ്വപ്നമാണ് തകർന്നത്. യു.എ.ഇ പൗരൻ കൊല്ലപ്പെട്ട കേസിലാണ് റിനാഷ് വധശിക്ഷക്ക് വിധേയനായത്. മകനെ മോചിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ലൈല മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികളെയടക്കം കണ്ട് കേണപേക്ഷിച്ചെങ്കിലും ഒടുവിൽ നിരാശയായിരുന്നു ഫലം. ചേതനയറ്റ മകന്റെ മുഖം അവസാനമായി ഒരു നോക്കുകാണാൻ ലൈലയും കുടുംബാംഗങ്ങളും യു.എ.ഇയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവർ യു.എ.ഇയിലേക്ക് തിരിച്ചത്. മകൻ വിദേശത്ത് ജോലിചെയ്ത് ജീവിതം പച്ചപിടിക്കുമെന്ന് കരുതിയ ലൈലക്കും കുടുംബാംഗങ്ങൾക്കും കോടതി നടപടികളാൽ മനസ്സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.
മകന്റെ മോചനത്തിനായി അധികാരികളെ കാണാനും മാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിക്കാനും അവർ എല്ലാ വഴിയും തേടിയെങ്കിലും ഫലവത്തായില്ല. രണ്ടു വർഷമായി ദുബൈ അൽഐൻ മനാസിർ ജയിലിലായിരുന്നു റിനാഷ്. മൂന്നുവർഷം മുമ്പാണ് ജോലിതേടി ദുബൈയിൽ പോയത്. 2023 ഫെബ്രുവരി എട്ടിന് അറബ് പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷക്ക് വിധിച്ചത്. അൽഐനിൽ ട്രാവൽ ഏജൻസിയിൽ 2021ലാണ് റിനാഷ് ജോലിയിൽ പ്രവേശിച്ചത്. അതിനിടെ, പരിചയപ്പെട്ട അറബി പൗരന്റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു.
അറബിയുടെ വീട്ടിൽവെച്ച് റിനാഷും അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയും വാക്കുതർക്കമുണ്ടായി. പിടിവലിക്കിടെ അബ്ദുല്ല സിയാദ് കുത്തേറ്റ് മരിച്ചെന്നാണ് കേസ്. മരിച്ച വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയാൽ റിനാഷിന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാതാവ്. അതിനുള്ള വഴിതേടി ഇന്ത്യൻ എംബസി മുഖേന അബൂദബി ഭരണാധികാരി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകി കാത്തിരിക്കുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ അബൂദബി അൽഐൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് നഹ്യാന് സങ്കടഹരജിയും നൽകിയിരുന്നു. കൊല്ലപ്പെട്ട അറബ് പൗരന്റെ കുടുംബത്തെ നേരിട്ടുകണ്ട് മാപ്പപേക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഒന്നും അനുകൂലമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

