മുഹമ്മദലി ആരെയും കൊന്നിട്ടില്ല, മാനസികാസ്വാസ്ഥ്യമെന്ന് സഹോദരൻ
text_fieldsമുഹമ്മദലി, ജ്യേഷ്ഠൻ പൗലോസ്
തിരുവമ്പാടി: 1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയതായി ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണി (56) ആരെയും കൊന്നിട്ടില്ലെന്നും മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ജ്യേഷ്ഠൻ പൗലോസ്. കുറ്റമേറ്റെടുത്ത രണ്ടു സംഭവങ്ങളിലും അയാൾ നിരപരാധിയാണെന്ന് കൂടരഞ്ഞിയിൽ താമസിക്കുന്ന പൗലോസ് പറഞ്ഞു.
കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി.1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു.
ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തോട്ടിൽ 20 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്. സംഭവശേഷം വർഷങ്ങൾ കഴിഞ്ഞാണ് മതം മാറുന്നത്. കൂടരഞ്ഞിയിൽനിന്ന് വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു വിവാഹം കഴിച്ച് മതം മാറി വേങ്ങരയിൽ താമസമാക്കുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു.
രേഖകൾ തേടി പൊലീസ്
തിരുവമ്പാടി: 1986 ഡിസംബറിൽ കൂടരഞ്ഞിയിൽ നടന്ന ‘സ്വാഭാവിക’ മരണത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾക്കുള്ള അന്വേഷണത്തിലാണ് തിരുവമ്പാടി പൊലീസ്. മരിച്ച ആളെ കണ്ടെത്താൻ അന്നത്തെ ആർ.ഡി.ഒ, കോടതി രേഖകളും പൊലീസിന് പരിശോധിക്കേണ്ടി വരും. തിരുവമ്പാടി എസ്.എച്ച്.ഒ കെ. പ്രജീഷാണ് മുഹമ്മദാലിയുടെ കൂടരഞ്ഞി വെളിപ്പെടുത്തൽ അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.