വി.എം. സുധീരനും ഒ. അബ്ദുറഹ്മാനും മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം
text_fieldsവി.എം. സുധീരൻ, ഒ. അബ്ദുറഹ്മാൻ
കൊടുങ്ങല്ലൂർ: സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരിലുള്ള ദേശീയ പുരസ്കാരങ്ങൾക്ക് കോൺഗ്രസ് നേതാവ് വി.എം. സുധീരനും മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാനും അർഹരായി.
നീതി നിഷേധിക്കപ്പെട്ട ജനതയോട് ഐക്യപ്പെട്ട് അവർക്കുവേണ്ടി പൊരുതുന്നതിനാണ് വി.എം. സുധീരന് പുരസ്കാരം സമ്മാനിക്കുക. സമകാലിക പത്രാധിപ കുലപതികളിൽ ഒരാളായ ഒ. അബ്ദുറഹ്മാന്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പത്രാധിപരായിരുന്ന ‘അൽഅമീൻ’ മാധ്യമ പുരസ്കാരമാണ് നൽകുക. ഒ. അബ്ദുറഹ്മാന്റെ എഴുത്തും പ്രഭാഷണങ്ങളും അഞ്ച് പതിറ്റാണ്ടായി കേരള സാമൂഹിക ജീവിതത്തെ പുനർനിർണയിക്കുന്നവയാണ്. ഡോ. ഷീന ഷുക്കൂർ, കെ.എൽ. മോഹനവർമ എന്നിവരാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
സമർപ്പണ ചടങ്ങ് ജനുവരിയിൽ കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ബാബു കറുകപ്പാടത്ത്, ജന. സെക്രട്ടറി അബ്ദുറഹ്മാൻ കടപ്പൂര് എന്നിവർ അറിയിച്ചു.

