മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പുരസ്‌കാരം ഡോ.എം.എന്‍ കാരശേരിക്ക്
text_fieldsമലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പുരസ്കാരത്തിന് ഡോ. എം.എന്‍ കാരശേരിയെ തെരഞ്ഞെടുത്തു. കേരള സിംഹം എന്നറിയപ്പെട്ടിരുന്ന ധീരനായ സ്വാതന്ത്ര്യസമര പോരാളിയും പത്രാധിപനും കെ.പി.സി.സി പ്രസഡന്റുമായിരുന്ന അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങളും ജീവിത വീക്ഷണം ഉയര്‍ത്തികാട്ടിയുള്ള പ്രവര്‍ത്തനങ്ങളും മതനിരപേക്ഷത നിലപാടില്‍ അടിയുറച്ച എഴുത്തും പ്രഭാഷണവും പരിഗണിച്ചാണ് പുരസ്‌കാരം.
മുന്‍ എം.പി സി.ഹരിദാസ്, കല്‍പ്പറ്റ നാരായണന്‍, ഡോ.ആര്‍സു എന്നിവടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരത്തിനായി കാരശേരിയെ തെരഞ്ഞെടുത്തത്. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം അബ്ദുറഹിമാന്‍ സാഹിബിന്റെ 78ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി 28ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം വ്യാപാരഭവനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരൻ എം.പി പുരസ്‌കാരം എം.എന്‍. കാരശേരിക്ക് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് വര്‍ക്കിങ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ജനറല്‍ കണ്‍വീനര്‍ വീക്ഷണം മുഹമ്മദ് എന്നിവര്‍ അറിയിച്ചു.