മൂഫിയയുടെ ആത്മഹത്യ: സി.ഐ സുധീറിനെ സ്ഥലം മാറ്റി
text_fieldsകൊച്ചി: ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്നും പരാതി പറഞ്ഞ സി.ഐ മോശമായി പെരുമാറിയെന്നും കുറിപ്പെഴുതിവെച്ച് മൂഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിനെതിരെ നടപടി. സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.
അതേസമയം സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അന്‍വര്‍ സാദത്ത്, ബെന്നി ബെഹ്നാന് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ സമരം തുടരുകയാണ്.
മൂഫിയ പർവീണിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സി.ഐ സി.എൽ. സുധീർ ഉത്ര കൊലപാതകക്കേസിൽ ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ്. കൊല്ലത്ത് ഉത്രയെ ഭർതൃവീട്ടിൽ പാമ്പുകടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ തുടക്കത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തിയെന്ന് കൊല്ലം റൂറൽ എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അഞ്ചലിൽ നിന്ന് ഇയാളെ ആലുവയിലേക്ക് മാറ്റിയത്.
ഉത്ര കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ആദ്യം നടപടിയെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. സുധീറിന്റെ അന്വേഷണ വീഴ്ചയെക്കുറിച്ചുള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്.
മുമ്പ് അഞ്ചൽ ഇടമുളക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്.
അതേസമയം, മൂഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.