കൊച്ചി: ചന്ദ്രിക ദിനപത്രത്തിെൻറ അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറുമായ മുഈൻ അലി തങ്ങൾ കൊച്ചി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫിസിലെത്തി മൊഴിനൽകി. നേരേത്ത 'ചന്ദ്രിക'യുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടിയാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും വാർത്തസമ്മേളനത്തിൽ മുഈൻ അലി തുറന്നടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മൊഴിയെടുക്കാൻ ഇ.ഡി തീരുമാനിച്ചത്. ദിനപത്രത്തിന് ഭൂമി വാങ്ങിയതിലടക്കം വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്നായിരുന്നു മുഈൻ അലിയുടെ ആരോപണം. ഇതുസംബന്ധിച്ച രേഖകൾ ഇ.ഡിക്ക് മുന്നിൽ ഹാജരാക്കിയതായാണ് വിവരം. വീണ്ടും മൊഴി നൽകേണ്ടിവരുമെന്ന് അറിയിച്ചിട്ടുണ്ട്. ചന്ദ്രിക പത്രത്തിെല സാമ്പത്തിക പ്രതിസന്ധിയിൽ പരിഹാരം കാണാൻ ശിഹാബ് തങ്ങൾ മുഈൻ അലിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
'ചന്ദ്രിക'യുടെ ഫിനാൻസ് ഡയറക്ടറായി പി.എ. മുഹമ്മദ് സമീർ ചുമതലയേറ്റതു മുതൽ വലിയ സാമ്പത്തിക ക്രമക്കേട് നടെന്നന്നും നിയന്ത്രിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി തയാറായില്ലെന്നും മുഈൻ അലി പരസ്യമായി ആരോപിച്ചിരുന്നു. 2016 നവംബർ 15ന് കൊച്ചിയിലെ പഞ്ചാബ് നാഷനൽ ബാങ്കിലെ ചന്ദ്രിക അക്കൗണ്ട് വഴി 10 കോടിരൂപയും കലൂരിലെ എസ്.ബി.ഐ അക്കൗണ്ടിൽ വലിയ തുകയും നിക്ഷേപിെച്ചന്നുമാണ് ഇ.ഡിക്ക് മുന്നിലുള്ള പരാതി. തുക പിന്നീട് പലപ്പോഴായി പിൻവലിച്ചു.
'ചന്ദ്രിക'യുടെ വാർഷിക വരിസംഖ്യയാണ് അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നാണ് ഫിനാൻസ് മാനേജർ മൊഴിനൽകിയത്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട പണം ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നാണ് ആരോപണം. പണത്തിെൻറ ക്രയവിക്രയം സംബന്ധിച്ച തെളിവുകൾ മുഈൻ അലി തങ്ങളുടെ കൈവശമുണ്ടെന്നാണ് അറിവ്. ഇതിെൻറ അടിസ്ഥാനത്തിൽകൂടിയാണ് ഇ.ഡി മൊഴിയെടുത്തത്. മുഈൻ അലിയുടെ മൊഴി കേസിൽ നിർണായകമാണ്. െസപ്റ്റംബർ 17ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മൊഴിയെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. 'ചന്ദ്രിക'യിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.