മുതലപ്പൊഴി ബോട്ടപകടം; രക്ഷാപ്രവർത്തനം ഇഴയുന്നു
text_fieldsമുതലപ്പൊഴിയിൽ രാത്രി വൈകിയും തുടരുന്ന തിരച്ചിൽ
ആറ്റിങ്ങൽ: മുതലപ്പൊഴി മത്സ്യബന്ധന ബോട്ടപകടത്തിൽ കാണാതായ മൂന്നുപേർക്കായുള്ള തിരച്ചിൽ സ്ഥലത്തെ സങ്കീർണാവസ്ഥ കാരണം ഇഴയുന്നു.
രക്ഷാപ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തുനിന്ന് ഭീമൻ ക്രെയിന്‍ കൊണ്ടുവന്നെങ്കിലും അത് പുലിമുട്ടിന്‍റെ അവസാനഭാഗത്ത് എത്തിക്കാൻ ഇതുവരെ കഴിഞ്ഞില്ല.
ഇതിനായി എക്സ്കവേറ്ററും ചെറിയ ക്രെയിനും ഉപയോഗിച്ച് രാവിലെ ശ്രമം ആരംഭിച്ചെങ്കിലും വൈകുന്നേരമായിട്ടും നിർദിഷ്ട സ്ഥലത്ത് എത്തിക്കാൻ കഴിഞ്ഞില്ല. രാത്രി ഏഴോടെയാണ് ഏകദേശം അടുപ്പിക്കാൻ കഴിഞ്ഞത്.
രാവിലെ വിഴിഞ്ഞത്തുനിന്ന് കക്ക വാരലിൽ പരിചയസമ്പത്തുള്ള അഞ്ച് തൊഴിലാളികളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവർ പൊഴിമുഖത്ത് മുങ്ങി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എൻ.ഡി.ആർ.എഫ് അംഗം പാലോട് സ്വദേശി രഞ്ജിത്ത് പുലിമുട്ടിൽ കയർ കെട്ടി ഇറങ്ങി വല അറുത്തുമാറ്റാൻ ശ്രമിച്ചു.
വല കുരുങ്ങിയ സ്ഥലംവരെ എത്തിയപ്പോൾ മഴ ആരംഭിച്ചതിനാൽ തിരിച്ചുകയറി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.
കൊച്ചിയില്‍നിന്ന് എത്തിയ നേവിയുടെ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ ചാര്‍ലി 414, സമ്മര്‍ എന്നിവ തീരത്തോട് ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു.
കൊച്ചിയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനവും എ.എല്‍.എച്ച് ഹെലികോപ്റ്ററും തീരത്തോട് ചേര്‍ന്ന് നിരീക്ഷണം നടത്തി.