മറുനാട്ടിൽ നിന്നെത്തിയ ഇന്ദ്രസെനെ ഹീറോയാക്കിയ എം.ടി
text_fieldsഗുരുവായൂർ: മമ്മൂട്ടിയേയും മോഹൻലാലിനെയും താരപദവിയിൽ എത്തിച്ചതിന് പിന്നിൽ എം.ടിയുടെ കഥാപാത്രങ്ങളുണ്ട്. എന്നാൽ ഗുരുവായൂർ ആനത്താവളത്തിലെ കൊമ്പൻ ഇന്ദ്രസെനെ ആന പ്രേമികളുടെ ഇളമുറത്തമ്പുരാനാക്കിയതിന് പിന്നിലുമുണ്ട് എം.ടി ടച്ച്.
മ്യാൻമറിൽ നിന്ന് ബീഹാറിലെത്തിയ മറുനാടൻ ആനയെ മലയാളത്തിലെ കൊമ്പൻമാരിൽ ഹീറോയാക്കിയത് എം.ടിയുടെ കണ്ടെത്തലാണ്.
ആ കഥയിങ്ങനെ: മഹാരാഷ്ട്രയിലെ വ്യവസായി ഇദർസെൻ മീർ ചന്ദ്നിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ നടയിരുത്താൻ മോഹമുദിക്കുന്നു. അദ്ദേഹത്തിൻ്റെ കമ്പനിയിലെ സി.ഇ.ഒ ആയിരുന്ന വി.കെ. കുട്ടി മാധ്യമപ്രവർത്തകനായിരുന്ന രവീന്ദ്രനാഥ് വഴി മീർ ചന്ദാനിയുടെ ആവശ്യം എം.ടിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു.
തൻ്റെ സ്വന്തം നാടായ കൂടല്ലൂരിലെ അപ്പുണ്ണി മേനോൻ്റെ കൈവശമുള്ള ആനയെയാണ് പെട്ടെന്ന് എം.ടിയുടെ മനസിലെത്തിയത്. ബിഹാറിലെ സോൺപൂർ മേളയിൽ നിന്നു കേരളത്തിലെത്തിയ ഇന്ദ്രസെൻ കൂടല്ലൂരിലായിരുന്നു. മീർചന്ദ്നിയെ വിവരമറിയിച്ചപ്പോൾ അദ്ദേഹം ആ ആനക്കുട്ടിയെ വാങ്ങി നടയിരുത്താൻ തീരുമാനിച്ചു.
ആന വിദഗ്ധൻ കെ.സി. പണിക്കർക്കൊപ്പം കർക്കടകത്തിൽ നിറഞ്ഞൊഴുകുന്ന പുഴകടന്ന് എം.ടി ആനക്കുട്ടിയെ കാണാൻ ചെന്നു. ഇരുവർക്കും കുട്ടി കൊമ്പനെ ബോധിച്ചതോടെ മീർചന്ദ്നി ആനയെ വാങ്ങി ഗുരുവായൂരപ്പന് നടയിരുത്തി. ശങ്കരൻ എന്ന പാപ്പാനൊപ്പം ആനയെ ഗുരുവായൂരിലേക്ക് നടത്തിക്കൊണ്ട് വരികയായിരുന്നു. മീർ ചന്ദാനിയുടെ പേരിൻ്റെ ആദ്യഭാഗമായ ഇന്ദ്രസെൻ എന്നത് ആനയുടെ പേരായി നിശ്ചയിച്ചതും എം.ടി തന്നെ.
1979 സെപ്റ്റംബർ 24നാണ് ആനയെ ഗുരുവായൂരപ്പനു നടയിരുത്തിയത്. ആനയുടെ പേര് എല്ലാവർക്കും അന്ന് കൗതുകമായിരുന്നു. ഇപ്പോൾ 52 വയസുള്ള ഇന്ദർസെൻ കേരളത്തിലെ ആനകളിലെ താരനിരയിലേക്കാണ് വളർന്നുയർന്നത്. കഴിഞ്ഞ വർഷത്തെ കുംഭഭരണിക്കു മുളങ്കുന്നത്തുകാവ് വടകുറുമ്പക്കാവിൽ എഴുന്നള്ളിക്കാൻ ഭരണി വേലസമിതി 2.72ലക്ഷം രൂപക്കാണ് ഇന്ദ്രസെന്നിനെ ഏക്കം കൊണ്ടത്. ആനകളിലും എം.ടിയുടെ കണ്ടെത്തൽ പിഴക്കില്ല എന്നതിന് തെളിവായി താര പരിവേഷത്തോടെ വിലസുകയാണ് ഇന്ദ്രസെനിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.