Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഏറ്റുമുട്ടേണ്ടത്...

'ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല'; സി.പി.എമ്മിനോട് എം.ടി സുലേഖ

text_fields
bookmark_border
ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല; സി.പി.എമ്മിനോട് എം.ടി സുലേഖ
cancel

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ കുപ്രചാരണങ്ങൾക്കെതിരെ മുൻ സ്പീക്കർ ജി. കാർത്തികേയന്‍റെ ഭാര്യയും കേരള സർവകലാശാല മുൻ പരീക്ഷാ കൺട്രോളറും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറുമായ എം.ടി സുലേഖ. മകനും എം.എൽ.എയുമായ കെ.എസ് ശബരീനാഥനോടുള്ള എതിർപ്പിന്‍റെ പേരിൽ തന്‍റെ നിയമനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുകയാണെന്നും സുലേഖ ഫേസ്ബുക്കിൽ കുറിച്ചു.

എതിരാളികളെ അപമാനിക്കാൻ, അവരുടെ വീട്ടിലുള്ളവരെക്കുറിച്ച് ഏതു കള്ളവും പ്രചരിപ്പിക്കുന്ന ഈ പതിവ് അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം തന്നെ ഇടപെടണമെന്ന് അഭ്യർഥിക്കുകയാണ്. അണികളെക്കാളും യുവജന നേതാക്കളെക്കാളും പക്വത ഞാൻ അവരിൽ പ്രതീക്ഷിക്കുന്നു. ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് പ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുക -എം.ടി. സുലേഖ വ്യക്തമാക്കി.

കരാർ- താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ഇടത് സർക്കാർ നടപടിക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ സമരം തുടരുകയാണ്. ഇതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തെ സുലേഖയുടെ നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടത് സൈബർ സംഘങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

എന്‍റെ ഭർത്താവും എന്‍റെ മകനും രാഷ്ട്രീയരംഗം പ്രവർത്തനമേഖല ആക്കിയവരാണ്. അച്ഛൻ 16 വയസ് മുതലും മകൻ ചില പ്രത്യേക സാഹചര്യങ്ങളിൽ താമസിച്ചും രാഷ്ട്രീയ രംഗത്തു വന്നവർ. അച്ഛനെ എതിർക്കാൻ പണ്ട് എതിരാളികൾ ഉപയോഗിച്ച ചില കള്ളങ്ങൾ, അതിന്‍റെ അർഥ ശൂന്യത മനസിലാക്കി സ്വയം പിൻവലിക്കുന്ന മനോഭാവത്തിൽ എത്തിയതും, അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തിന്‍റെയും രാഷ്ട്രീയ പക്വതയുടെയും മുൻപിൽ അവർ അടിയറവു പറയുന്നതും രാഷ്ട്രീയകേരളം കണ്ടതാണ്. ജീവിച്ചിരുന്ന കാലത്തും മൺമറഞ്ഞ ശേഷവും കേരളം അദ്ദേഹത്തിന് നൽകുന്ന വില അദ്ദേഹത്തിന്‍റെയും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ച ആദർശാധിഷ്ഠിത ജീവിതത്തിന്‍റെയും സാക്ഷ്യപത്രങ്ങൾ കൂടിയാണ്.

ശബരീനാഥൻ രാഷ്ട്രീയ രംഗത്തു സജീവമായ സാഹചര്യംകേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിച്ച ഒരാളുടെ മകൻ എന്ന നിലയിലും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ സജീവമായ കെ.എസ്.യു പ്രവർത്തനംനടത്തിയ ഒരാൾ എന്ന നിലയിലും രാഷ്ട്രീയം ശബരിക്ക് പുത്തരിയായിരുന്നില്ല. കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വവും യു.ഡി.എഫും അയാളെ അരുവിക്കരയിലെ ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ വീണ്ടും എന്‍റെ ഔദ്യോഗിക പദവികളുമായി ബന്ധപ്പെട്ടു പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചു തുടങ്ങി. 2016ലെ ഉപതെരെഞ്ഞെടുപ്പിൽ, ഈ കള്ളക്കഥകളുള്ള നോട്ടീസ് ഇറക്കിഅവർ പരീക്ഷണം നടത്തിയതാണ്. അത്തരം നുണ പ്രചാരണത്തിന് മറുപടിയായി, ഉപതെരഞ്ഞെടുപ്പിൽ നൽകിയ ഭൂരിപക്ഷത്തിന്‍റെ രണ്ടിരട്ടിയിലേറെ ഭൂരിപക്ഷം നൽകി അരുവിക്കരയിലെ പ്രബുദ്ധരായ ജനങ്ങൾ അവർക്ക് മറുപടി നൽകി.

ഇപ്പോൾ, എം.എൽ.എ എന്ന നിലയിലും യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്ന നിലയിലും ശ ബരീനാഥൻ നടത്തുന്ന ഇടപെടലുകൾ എതിരാളികളെ ഏറെ ആസ്വസ്ഥരാക്കുന്നു. പഴയ നുണപ്രചാരണങ്ങളുമായി സി.പി.എം അണികൾ വീണ്ടും സജീവമാകുകയാണ്. അണികളോടൊപ്പം നേതാക്കന്മാരും ആ വഴിയേ സഞ്ചരിക്കുകയാണ്. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെ യുവാക്കൾ നടത്തുന്ന സമരത്തിൽ യൂത്ത് കോൺഗ്രസ്‌ ശക്തമായ നിലപാട് സ്വീകരിക്കുന്നതും, യൂത്തുകോൺഗ്രസ് ഭാരവാഹി എന്ന നിലയിലും സ്വന്തം നിലയിലും അവർക്കുവേണ്ടി ശബരി കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളിലും വിറളിപൂണ്ട എതിരാളികൾ, ശ്രദ്ധ തിരിക്കാനായി, ഞാൻ വളഞ്ഞ വഴിയിലൂടെ ഏതൊക്കെയോ പദവികൾ കൈക്കലാക്കി എന്ന കള്ളപ്രചരണവുമായി വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ്‌ ഇടേണ്ടി വരുന്നത്. ഞാൻ എന്തെന്നും എന്‍റെ യോഗ്യതകൾ എന്തെന്നും വിളിച്ചു പറയേണ്ടിവരുന്ന എന്‍റെ നിസ്സഹായത നിങ്ങൾ ദയവായി പൊറുക്കുക. ചാനലുകളിലും നവ മാധ്യമങ്ങളിലും സജീവമായ കോൺഗ്രസ്‌ വിരുദ്ധ പോരാളികൾ ഉണ്ടാക്കിയതാണ് എന്‍റെ ഈ നിവൃത്തികേട്‌. ചാനലുകളിൽ വരുന്ന, ഉത്തരവാദപ്പെട്ട രാഷ്ട്രീയപദവികൾ വഹിക്കുന്ന നേതാക്കന്മാർ എന്നെ നിരന്തരമായി അപമാനിക്കുമ്പോൾ എന്‍റെ നിലപാട്, അനിഷ്ടം അവരെ അറിയിക്കേണ്ടതും ആവശ്യമാണ്‌. നിങ്ങളുടെ നിരന്തരമായ അപമാനിക്കൽ, വ്യക്തി എന്ന നിലയിലും അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിലും ഇനിയും വെറുതെ കേട്ടിരിക്കാൻ ഞാൻ തയ്യാറല്ല. അണികൾക്കും ആ ബോധം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കേരള സര്‍വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍, 1975ല്‍ രണ്ടാം റാങ്കോടെ ബി.എയും 1977ല്‍ ഒന്നാം റാങ്കോടെ എം.എയും നേടിയ ആളാണ് ഞാന്‍. 1992ല്‍ പി.എച്ച്.ഡി.യും നേടി. എന്‍റെ മാർഗനിർദേശത്തിൽ പത്തുപേർ പി.എച്ച്.ഡിയും നാലു പേര് എം.ഫിൽ ഡിഗ്രിയും സാമ്പാദിച്ചിട്ടുണ്ട്. യു.ജി.സി കോളജ് അധ്യാപകർക്കായി ഏർപ്പെടുത്തിയ ആദ്യത്തെ കരിയർ അവാർഡ്, 1994ഇൽ എനിക്കു ലഭിച്ചു. നീണ്ട 25 വര്‍ഷക്കാലം വിവിധ കോളജുകളില്‍ അധ്യാപിക, 4 വര്‍ഷക്കാലം പ്രിന്‍സിപ്പല്‍, നാലര വര്‍ഷക്കാലം കേരള സര്‍വകലാശാലയുടെ പരീക്ഷാ കണ്‍ട്രോളര്‍ എന്നീ നിലകളിൽ കേരളത്തിൽ ഞാൻ ജോലി ചെയ്തു. ആരും വലിയ കുറ്റം പറയാത്ത ഏതാനും പുസ്തകങ്ങളും സർവകലാശാലയും സർക്കാരും അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006ഇൽ നടന്ന എന്‍റെ പരീക്ഷ കണ്‍ട്രോളര്‍ നിയമനത്തിനെതിരെ അന്ന് ഒരു ഇടതുപക്ഷ അധ്യാപക നേതാവും മറ്റൊരു അധ്യാപകനും ഹൈകോടതിയിൽ കേസ് കൊടുത്തിരുന്നു. എന്‍റെ നിയമനം സ്റ്റേ ചെയ്യണമെന്ന അവരുടെ ആവശ്യം ഹൈകോടതി സിംഗിൾ ബെഞ്ച് അനുവദിച്ചില്ല. കേസ് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, നിയമനത്തിന്‍റെ നടപടിക്രമങ്ങൾ യൂണിവേഴ്സിറ്റി കൃത്യമായി പാലിച്ചില്ല എന്നതു കൊണ്ട് എല്ലാ അപേക്ഷകരെയും ഉൾപ്പെടുത്തി വീണ്ടും നടപടിക്രമങ്ങൾ പാലിച്ച് ഇന്‍റർവ്യൂ നടത്തി നിയമനം നടത്താൻ കോടതി ആവശ്യപ്പെട്ടു. ആ വിധിക്കെതിരെ ഞാൻ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്‍റെ പ്രസ്തുത വിധി സ്റ്റേ ചെയ്തു. ആ സ്റ്റേയിൽ 2010 മാർച്ച് 31 വരെ പരീക്ഷാ കൺട്രോളർ സ്ഥാനത്തിരുന്നു ഞാൻ റിട്ടയർ ചെയ്തു. 2012ൽ അന്തിമവിധി പറഞ്ഞ സുപ്രീം കോടതി, എന്‍റെ നിയമനത്തിനുമേൽ ഒരു നടപടിയും ആവശ്യപ്പെട്ടില്ല. എല്ലാ പെൻഷൻ ആനുകൂല്യങ്ങളും പെൻഷനും 2010ൽ, റിട്ടയർ ചെയ്തു ഒരു മാസത്തിനുള്ളിൽ സർവകലാശാല എനിക്കു നൽകുകയും ചെയ്തു. ഇപ്പോഴും എനിക്കു പെൻഷൻ നൽകുന്നത് കേരള സർവകലാശാല തന്നെയാണ്.

കേരള സർവകലാശാലയിലെ പരീക്ഷാ കൺട്രോളർ ജോലിയിൽ നിന്നും വിരമിച്ച ശേഷം, ദേശീയ ദിനപത്രങ്ങളിലെ പരസ്യം കണ്ട്, ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഡയറക്ടർ പോസ്റ്റിനു ഞാനും അപേക്ഷിച്ചു. ധാരാളം പ്രഗത്ഭർ പങ്കെടുത്ത ആ ഇന്‍റർവ്യൂവിൽ, നാലു ഡയറക്ടർന്മാരിൽ ഒരാളായി ഞാനും തെരെഞ്ഞെടുക്കപ്പെട്ടു. 2010 ജൂൺ മുതൽ 2013 ജൂൺ വരെ ഞാൻ ആ പോസ്റ്റിൽ കേരളത്തിലും ഡൽഹിയിലുമായി ജോലി ചെയ്തു.

കേരളത്തിലെ സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ ആയിരുന്ന തുമ്പമൺ തോമസ് സാർ, മസ്തിഷ്ക ആഘാതത്തെ തുടർന്നു ഏറെ മാസങ്ങൾ കിടപ്പിലായതിനെ തുടർന്നു, ആ സ്ഥാപനത്തിന്‍റെ ഡയറക്ടർ പദവിയിലേക്ക് സർക്കാർ എന്നെ ക്ഷണിക്കുന്നത് ഈ കാലത്താണ്. സർക്കാർ, യോഗ്യർ എന്ന് കരുതുന്നവരെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തു നേരിട്ടു നിയമിക്കുന്ന പതിവാണ് അന്നും ഇന്നും എന്നും ഉള്ളത്. അങ്ങനെ നിയമിച്ചവരാണ് കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തു ഡയറക്ടർന്മാരായ പാപ്പൂട്ടി സാറും ഇപ്പോഴത്തെ ഡയറക്ടർ രാജൻ സാറും. ഡൽഹിയിൽ സ്ഥിരമായി നിൽക്കേണ്ട അവസ്ഥയുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു ആ പകരം പദവി ഞാൻ സ്വീകരിക്കുകയാണ് ഉണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ടിലെ, എനിക്കു തൊട്ടുമുൻപുള്ള പത്തു പതിനഞ്ചു വർഷത്തെ ഡയറക്ടർമാരുടെയും ഇപ്പോഴുള്ളവരുടെയും യോഗ്യതകളും എന്‍റെ യോഗ്യതയും താൽപര്യമുള്ളവർക്ക് ഒരു താരതമ്യ പരിശോധനക്ക് വിടുന്നു.

എതിരാളികളെ അവമാനിക്കാൻ, അവരുടെ വീട്ടിലുള്ളവരെക്കുറിച്ച് ഏതു കള്ളവും പ്രചരിപ്പിക്കുന്ന ഈ പതിവ് അവസാനിപ്പിക്കാൻ നേതൃത്വം തന്നെ ഇടപെടണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. അണികളെക്കാളും യുവജന നേതാക്കളെക്കാളും പക്വത ഞാൻ അവരിൽ പ്രതീക്ഷിക്കുന്നു. ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക. ഏതു അഭിപ്രായ വ്യത്യാസത്തിനിടയിലും പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ചിരുന്ന ജി. കാർത്തികേയന്‍റെ ഭാര്യയാണ്, അദ്ദേഹത്തിന്‍റെ അടുപ്പക്കാരായിരുന്ന മുതിർന്ന നേതാക്കളോട് ഇതു പറയുന്നത്.

Show Full Article
TAGS:g karthikeyanHate StatementMT Sulekhak S Sabarinadhan
News Summary - MT Sulekha react to the Hate Statement of Left Workers in Social Media
Next Story