വ്യത്യസ്ത അഭിപ്രായമുള്ളവർ പാർട്ടി വിരുദ്ധരാകില്ലെന്ന് എം.ടി രമേശ്
text_fieldsകോഴിക്കോട്: വ്യത്യസ്ത അഭിപ്രായമുള്ളവർ പാർട്ടി വിരുദ്ധരാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഭിന്നസ്വരമുള്ളവരും പാർട്ടിയുടെ ഭാഗമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കണം. ആരെയും അകറ്റി നിർത്തുക പാർട്ടി നയമല്ലെന്നും എം.ടി രമേശ് വ്യക്തമാക്കി.
ശോഭ സുരേന്ദ്രൻ അടക്കമുള്ളവർ ഉന്നയിച്ച പ്രശ്നങ്ങൾ കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. കേരളത്തിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങൾക്ക് രൂപം നൽകും. കോൺഗ്രസിലെ പല നേതാക്കളും ബി.ജെ.പിയിലെത്തുമെന്നും എം.ടി രമേശ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
സംസ്ഥാന തേൃത്വവുമായി 'പിണങ്ങി' നിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കുന്നതിനുള്ള നീക്കം ബി.ജെ.പി ദേശീയ േനതൃത്വം തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തയാഴ്ച ശോഭ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ വൈസ്പ്രസിഡന്റാക്കി മാറ്റിയതുമാണ് അവരെ ചൊടിപ്പിച്ചത്. അതിനാൽ ചുമതലയേൽക്കാതെ മാറിനിൽക്കുകയാണ്. പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുകയും ദേശീയ നേതൃത്വത്തിന് രണ്ട് തവണ പരാതി അയക്കുകയും ചെയ്തിരുന്നു.