എം.ടി. നാരായണൻ നായർ നിര്യാതനായി
text_fieldsപാലക്കാട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സഹോദരനും എഴുത്തുകാരനുമായ എം.ടി. നാരായണൻ നായർ (88) നിര്യാതനായി. പാലക്കാട് റെയിൽവേ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു മരണം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1996 മുതൽ പാലക്കാട് ഹേമാംബിക നഗറിലെ ഹരിശ്രീ കോളനിയിൽ മകളോടൊപ്പമായിരുന്നു താമസം. വിവർത്തന കൃതികളടക്കം 37 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന ‘തുറന്ന കത്ത്’ സായാഹ്ന പത്രത്തിലെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ പ്രേമ നാരായണൻ. മക്കൾ: അനിത, അജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.
നാല് സഹോദരങ്ങളുള്ള എം.ടിയുടെ മൂത്ത സഹോദരന്മാരായ എം.ടി. ഗോവിന്ദൻ നായരും എം.ടി. ബാലകൃഷ്ണൻ നായരും വർഷങ്ങൾക്കു മുമ്പ് വിട പറഞ്ഞിരുന്നു. സഹോദരൻ എന്നതിലുപരി സുഹൃദ് തുല്യമായ ബന്ധമായിരുന്നു നാരായണൻ നായരും എം.ടിയും തമ്മിൽ. നാല് വയസ്സാണ് ഇരുവരും തമ്മിലുള്ള അന്തരം. സഹോദരനോടൊപ്പം മഹാകവി അക്കിത്തത്തെ വീട്ടിൽ കാണാൻ പോയ കഥയുൾപ്പെടെ പലകാര്യങ്ങളും അഭിമുഖങ്ങളിലും ഓർമക്കുറിപ്പുകളിലും എം.ടി പരാമർശിച്ചിട്ടുണ്ട്. എഴുത്തിെൻറ വഴിയിലും എം.ടിയുടെ മുമ്പേ നടന്നയാളായിരുന്നു നാരായണൻ നായർ. എം.ടിക്ക് എഴുതാൻ പ്രചോദനമായതിനൊരു കാരണവും സഹോദരൻ തന്നെ. എം.ടിയേക്കാൾ മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിമഷി പുരണ്ടത് നാരായണൻ നായരുടെ കഥയാണ്.
നിരവധി ചെറുകഥകൾ എഴുതി. പിന്നീട് വിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജിദ്ദു കൃഷ്ണമൂർത്തിയുടെ പുസ്തകങ്ങളും അശോകമിത്രെൻറ ‘ദ എയ്റ്റീന്ത്ത് പാരലലും’ മലയാളത്തിലേക്കാക്കി. റെയിൽവേയിൽ ജോലി കിട്ടിയതിനുശേഷം എഴുത്ത് കുറഞ്ഞു.
പിന്നീട് എം.ടി. വാസുദേവൻ നായരുടെ മാസ്മരികതയിൽ സഹോദരൻ അരികുചേർന്ന് നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.