ആഹ്ലാദം തിരതല്ലിയെത്തിയ ഫോൺവിളി
text_fieldsഉദുമ: ആഫ്രിക്കൻ രാജ്യമായ ബെനിൻ തീരത്തുനിന്നു കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ എം.ടി മറൈൻ എക്സ്പ്രസ് എന്ന എണ്ണക്കപ്പലും 22 യാത്രക്കാരെയും വിട്ടയച്ചതറിഞ്ഞ് ഉദുമയിലെ ശ്രീഉണ്ണിയുടെ കുടുംബത്തിൽ ആഹ്ലാദ തിരതല്ലൽ.
ശോകമൂകമായ അവസ്ഥയെ കീറിമുറിച്ച് ഇന്നലെയാണ് ഉണ്ണിയുടെ വിളിയെത്തിയത്. 10 ദിവസം കഴിഞ്ഞ് നാട്ടിലെത്തുമെന്നാണ് ഉണ്ണി അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് കപ്പൽ മോചിപ്പിച്ച ഉടൻ തന്നെ ശ്രീഉണ്ണി അച്ഛൻ ഉദുമ പെരിയവളപ്പിലെ അശോകനെയും അമ്മ ഗീതയെയും വിളിച്ച് കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചു.
കപ്പൽ ജിബ്രാൾട്ടറിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞു. അവിടെ വെച്ച് പുതിയ ജീവനക്കാർ കപ്പലിൽ ജോലിക്ക് കയറുന്നതോടെ ശ്രീഉണ്ണി അടക്കമുള്ള എല്ലാ ജോലിക്കാരും ഇന്ത്യയിലേക്കും തുടർന്ന് സ്വന്തം നാട്ടിലേക്കും തിരിച്ചെത്തും. ഉണ്ണിയുടെയും മറ്റ് ജീവനക്കാരുടെയും മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. കപ്പൽ കാണാതായതിനുശേഷം ഒരുവിധ വിവരവും വീട്ടുകാർക്ക് ഇല്ലായിരുന്നു. മോചന വിവരമറിഞ്ഞ ഉടൻ ബന്ധുക്കളും നാട്ടുകാരും അശോകെൻറ വീട്ടിലെത്തി സന്തോഷം പങ്കിട്ടു. വരുന്നവർക്കെല്ലാം മധുരം നൽകി സ്വീകരിക്കാൻ അമ്മ ഗീത മുന്നിലുണ്ടായിരുന്നു. മകെൻറ വരവിനായി കാത്തിരിക്കുകയാണ് ഉദുമയിലെ ഗ്യാസ് ഏജൻസി ഡ്രൈവറായ അശോകനും ഉദുമ എ.എൽ.പി സ്കൂൾ അധ്യാപികയായ ഇ.ഗീതയും അനുജൻ രാജപുരം െസൻറ് പയസ് കോളജ് വിദ്യാർഥി ശ്രീകാന്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
