കാമ്പസിൽ കയറ്റില്ലെന്ന് സഞ്ജീവ് പ്രഖ്യാപിക്കൂ, ബാക്കി കാമ്പസിൽ വെച്ച് കാണാം -എം.എസ്.എഫ്
text_fieldsമലപ്പുറം: പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയാൽ വെള്ളരിപ്രാവുകളായി ചമയില്ലെന്നും തിരിച്ചടിയുണ്ടാവുമെന്ന് എസ്.എഫ്.ഐ കരുതിയിരിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍.
കേരളത്തിലെ ഒരു കാമ്പസിലും എം.എസ്.എഫിനെ കയറ്റില്ലെന്ന പ്രസ്താവന ആർജവമുണ്ടെങ്കിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കണമെന്നും ബാക്കി കാര്യങ്ങൾ കാമ്പസിൽ വെച്ച് കാണാമെന്നും ഷറഫുദ്ദീന്‍ മലപ്പുറത്ത് പറഞ്ഞു. ആക്രമിക്കാന്‍ ആളെ കിട്ടാതെയാകുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ഭീകരമായി ആക്രമിക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നും ഷറഫുദ്ദീന്‍ ആവശ്യപ്പെട്ടു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നാളെ മുതൽ ഒരു എംഎസ്എഫുകാരനും കാമ്പസുകളിൽ കയറില്ലെന്ന് എസ്എഫ്‌ഐ തീരുമാനിച്ചാൽ അവർ എന്ത് ചെയ്യുമെന്നായിരുന്നു കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ചോദിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരാളെന്ന നിലയിൽ അങ്ങനെയൊരു പ്രഖ്യാപനം താൻ നടത്തിയാൽ എന്താവും സ്ഥിതിയെന്നും സഞ്ജീവ് ചോദിച്ചു.
‘അതിലേക്കൊന്നും പോവാതിരിക്കലാണ് നല്ലത്. ഈ നാട് അതാഗ്രഹിക്കുന്നില്ല. അങ്ങനെയൊക്കെ നടന്നാൽ വലിയ ക്ഷീണമായിപ്പോവും. അങ്ങനെയൊന്നും തീരുമാനിക്കാത്തത് ശേഷിക്കുറവായി കാണരുത്. ജനങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ രാജ്യത്ത് സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് വഴിമാറിപ്പോവാൻ ആഗ്രഹിക്കുന്നില്ല. അത്തരം തീരുമാനങ്ങളിലേക്ക് എത്തിക്കരുത്’ -സഞ്ജീവ് പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. കാമ്പസിലെ സംഘർഷത്തിന് പിന്നാലെ ആശുപത്രിയിൽവെച്ചും പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.
സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎസ്എഫ് പ്രവർത്തകരെയും, ഒരു എസ്എഫ്‌ഐ പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുഡിഎസ്എഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി പി.ഷറഫുദ്ദീൻ, കെ.പി മുഹമ്മദ് ഫുഹാദ്, എസ്എഫ്‌ഐ പ്രവർത്തകനായ പെരുവള്ളൂർ സ്വദേശി മുഹമ്മദ് മിദ്‌ലാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

