പേഴ്സനൽ സ്റ്റാഫ് നിയമനം: ലീഗ് മന്ത്രിമാർക്കെതിരെ എം.എസ്.എഫ് പ്രമേയം
text_fieldsമലപ്പുറം: മുസ്‍ലിം ലീഗ് മന്ത്രിമാരുടെ സ്വയംഭരണ പ്രവണതക്കെതിരെ അമർഷം രേഖപ്പെടുത്തി എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രമേയം. പേഴ്സനൽ സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നതിലും ഭരണം കിട്ടിയപ്പോൾ എം.എസ്.എഫിനെ അവഗണിക്കുന്നതിലും വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രമേയം അവതരിപ്പിച്ചത്.
പേഴ്സനൽ സ്റ്റാഫ് നിയമനങ്ങൾ സുതാര്യമാക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രിമാർ പ്രവർത്തിക്കുന്നതെന്ന് പ്രമേയത്തിൽ ആരോപിച്ചു. തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകിക്കയറ്റിയ മന്ത്രിമാരുടെ ഏകപക്ഷീയ നടപടി രാപകലില്ലാതെ അധ്വാനിക്കുന്ന അണികളോടും പ്രസ്ഥാനത്തോടുമുള്ള കടുത്ത വഞ്ചനയാണ്.
മുസ്‍ലിം ലീഗിന്റെ അഞ്ച് പ്രധാന പോഷകസംഘടനകൾ ഔദ്യോഗികമായി സമർപ്പിച്ച ശിപാർശ ലിസ്റ്റുകളിൽനിന്ന് ഒരാളെപ്പോലും നിയമിക്കാൻ മന്ത്രിമാർ തയാറായിട്ടില്ല. എം.പിമാരുടെ പേഴ്സനൽ സ്റ്റാഫിലെ അംഗങ്ങളെത്തന്നെ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലും നിയമിച്ചു. ഇത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. സംഘടനക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത് പൊലീസ് മർദനങ്ങളും കള്ളക്കേസുകളും ഏറ്റുവാങ്ങി ജയിൽവാസം അനുഭവിച്ച ത്യാഗധനരായ നേതാക്കൾ ലിസ്റ്റിൽ ഉണ്ടായിട്ടും അവരെ മന്ത്രിമാർ മനഃപൂർവം വെട്ടിമാറ്റിയെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
സാധാരണക്കാരായ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും ആവശ്യങ്ങൾ മന്ത്രിമാരിലേക്കെത്തിക്കാൻ ഒരു എം.എസ്.എഫ് പ്രതിനിധി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അതിനാൽ പാർട്ടി നേതൃത്വം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പേഴ്സനൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ലീഗ് നേതാക്കളിൽ നേരത്തേതന്നെ അതൃപ്തി നിലനിന്നിരുന്നു. പിന്നീട് യൂത്ത് ലീഗ് ഈ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്നാണ് എം.എസ്.എഫും പരസ്യമായി വിയോജിപ്പുമായി മുന്നോട്ടുവന്നിരിക്കുന്നത്.
അപേക്ഷ നൽകുന്ന എല്ലാവരെയും സ്റ്റാഫിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഈ വിഷയത്തിൽ മുസ്‍ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദിന്റെ പ്രതികരണം. മന്ത്രിമാരൊക്കെ പുതിയ ആളുകളാണ്. അതുകൊണ്ടുതന്നെ പരിചയസമ്പന്നരും പ്രഫഷനൽസുമൊക്കെ സ്റ്റാഫിൽ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാറിന്റെ പി.എം ശ്രീ പദ്ധതി സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ സംവിധാനത്തെയും വിദ്യാഭ്യാസരംഗത്തെ ഫെഡറൽ തത്ത്വങ്ങളെയും തകർക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ഒരു കാരണത്താലും നടപ്പാക്കരുതെന്നും എം.എസ്.എഫ് മറ്റൊരു പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

