എം.എസ്.എഫിൽ പോര് രൂക്ഷം; ജില്ല കമ്മിറ്റി രൂപവത്കരണം വൈകുന്നു
text_fieldsമലപ്പുറം: സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ എം.എസ്.എഫിൽ ഉൾപ്പോര് രൂക്ഷം. ഡിസംബർ 31 ന് മുമ്പ് ജില്ല കൗൺസിലുകൾ പൂർത്തീകരിച്ച് പുതിയ ജില്ല കമ്മിറ്റികൾ നിലവിൽ വരണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് പുതിയ കമ്മിറ്റികൾ വരാനുള്ളത്. ഇടുക്കിയിലും കോഴിക്കോട്ടും കൗൺസിൽ യോഗം നടന്നെങ്കിലും കമ്മിറ്റിയെ പ്രഖ്യാപിക്കാനായില്ല. കോഴിക്കോട്ടെ കൗൺസിൽ യോഗം കൈയാങ്കളിയിൽ വരെയെത്തി. മലപ്പുറത്ത് കൗൺസിൽ പോലും വിളിച്ചിട്ടില്ല. കാലിക്കറ്റ് സർവകലാശാല സി-സോൺ മത്സരങ്ങൾ കാരണമാണ് മലപ്പുറത്തെ കൗൺസിൽ നടക്കാത്തതെന്നാണ് നേതൃത്വം പറയുന്നത്. എന്നാൽ, കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ തർക്കം മൂലം മണ്ഡലം കമ്മിറ്റികളെ പോലും പ്രഖ്യാപിക്കാനായിട്ടില്ല.
നിലവിൽ വന്ന 11 ജില്ല കമ്മിറ്റികളിൽ മിക്കയിടങ്ങളിലും തർക്കം രൂക്ഷമായിരുന്നു. പാലക്കാട് ജില്ലയിൽ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച കമ്മിറ്റിക്കെതിരെ പ്രവർത്തകർ രണ്ടാമതൊരു കമ്മിറ്റിയെ കൂടി പ്രഖ്യാപിച്ചു. ഇതോടെ മുസ് ലിംലീഗ് ജില്ല കമ്മിറ്റി ഇടപെട്ട് പ്രഖ്യാപനം തടഞ്ഞു. പിന്നീട് സംസ്ഥാന കമ്മിറ്റി ലെറ്റർ ഹെഡിൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുകയായിരുന്നു. കണ്ണൂർ ജില്ല കൗൺസിലിൽ തർക്കം രൂക്ഷമായതോടെ റിട്ടേണിങ് ഓഫിസർ കമ്മിറ്റി പ്രഖ്യാപിച്ചില്ല. നിലവിലുണ്ടായിരുന്ന ജില്ല പ്രസിഡന്റ് കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. പിന്നീട് സംസ്ഥാന കമ്മിറ്റിയും അതേ കമ്മിറ്റിയെ അംഗീകരിക്കുകയായിരുന്നു.
വയനാട് ജില്ലയിൽ ആദ്യം ചേർന്ന കൗൺസിൽ യോഗം തർക്കം കാരണം പിരിച്ചുവിടുകയും പിന്നീട് ചേർന്ന കൗൺസിലിൽ തെരഞ്ഞെടുപ്പിലൂടെ പുതിയ കമ്മിറ്റി വരികയും ചെയ്തു. ചേരിപ്പോരിനിടെ ജനുവരി 29 മുതൽ 31 വരെ മലപ്പുറത്താണ് സംസ്ഥാന സമ്മേളനം. സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സംസ്ഥാന കമ്മിറ്റി നിലവിൽ വരുമെന്നാണ് നേതൃത്വം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

