എം.എസ്.സി എൽസ കപ്പൽ അപകടത്തിൽ കേസെടുത്തു; കപ്പൽ കമ്പനിയും ഷിപ്പ് മാസ്റ്ററും ഒന്നും രണ്ടും പ്രതികൾ
text_fieldsകൊച്ചി: ലൈബീരിയൻ ചരക്ക് കപ്പലായ എം.എസ്.സി എൽസ 3 അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് ആണ് കേസെടുത്തത്. എം.എസ്.സി കപ്പൽ കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി.
ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി. ഷാംജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്തെന്നും പരിസ്ഥിതിക്കും മത്സ്യബന്ധനമേഖലക്കും നാശം ഉണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
നേരത്തെ, കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറിയും തമ്മിലുണ്ടായ ചർച്ചയിൽ തീരുമാനിച്ചത്. സർക്കാറിന്‍റെ ഈ നിലപാടിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ വിമർശനവുമായി രംഗത്തുവന്നിരുന്നു.
മെയ് 24ന് കൊച്ചി തീരത്ത് നിന്നും തെക്ക് പടിഞ്ഞാറൻ ദിശയിൽ 38 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ ചരക്ക് കപ്പലായ എം.എസ്.സി എൽസ ഒരു വശത്തേക്ക് ചെരിഞ്ഞത്. കപ്പൽ അപകടത്തിൽ പെടുകയാണെന്നും സഹായിക്കണമെന്നും അഭ്യർഥിച്ചു കൊണ്ടുള്ള സന്ദേശം എത്തിയ ഉടൻ കോസ്റ്റ്ഗാർഡും നാവികസേനയും നിമിഷങ്ങൾക്കകം കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
അപകടം നടന്ന ശനിയാഴ്ചയും കപ്പൽ പൂർണമായും മുങ്ങിയ ഞായറാഴ്ചയിലുമായി കപ്പലിലുള്ള 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പൽ പതിയെ പതിയെ ചെരിയുകയും മണിക്കൂറുകൾക്കകം പൂർണമായും മുങ്ങുകയും ചെയ്തതിനാൽ അതിലെ കണ്ടെയ്നറുകൾ വീണ്ടെടുക്കൽ അസാധ്യമായിരുന്നു.
രണ്ടാഴ്ചക്കിടെ കേരളതീരത്തിനു സമീപം രണ്ട് കപ്പൽ അപകടങ്ങളാണ് ഉണ്ടാകുന്നത്. മെയ് 24ന് ലൈബീരിയൻ ചരക്ക് കപ്പലായ എം.എസ്.സി എൽസ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ജൂൺ ഒമ്പതിനാണ് സിംഗപ്പൂരിന്റെ എം.വി വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചത്. കപ്പലിലെ കണ്ടെയ്നറുകളിലെ സ്ഫോടനത്തെ തുടർന്നാണ് വൻ തീപിടിത്തമുണ്ടായത്. കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് (81.49 കിലോമീറ്റർ) സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

