എം.എസ്.സി എൽസ-3: നഷ്ടപരിഹാരമായി 5.97 കോടി കപ്പൽ കമ്പനി കെട്ടിവെച്ചു
text_fieldsകൊച്ചി: മേയ് 24ന് കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എൽസ-3 കപ്പൽ മുഖേന ചരക്ക് അയച്ചവർക്ക് ഹൈകോടതി ഇടപെടലിനെത്തുടർന്ന് നഷ്ടപരിഹാരമായി 5.97 കോടി രൂപ കെട്ടിവെച്ച് കപ്പൽ കമ്പനി. കപ്പൽ മുങ്ങി കണ്ടെയ്നറുകൾ വെള്ളത്തിലായതിനെത്തുടർന്ന് തങ്ങൾക്കുണ്ടായ നഷ്ടം വീട്ടുന്നതുവരെ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന കമ്പനിയുടെ മറ്റൊരു കപ്പൽ എം.എസ്.സി മാനസ തീരം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് അഞ്ച് വ്യാപാരികൾ നൽകിയ ഹരജിയിലെ നടപടികൾക്ക് പിന്നാലെയാണ് നഷ്ടപരിഹാരം കെട്ടിവെച്ചത്.
എം.എസ്.സി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എം.എസ്.സി എൽസ-3 കപ്പലിൽ ഹരജിക്കാർ അയച്ച ചരക്കുകളാണ് നഷ്ടപ്പെട്ടത്. നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ ഉണ്ടാകാതിരുന്നതിനെത്തുടർന്ന് വ്യാപാരികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കപ്പൽ കമ്പനിയുടെ അശ്രദ്ധമൂലമുണ്ടായ സാങ്കേതിക, യന്ത്രത്തകരാർ മൂലമാണ് കപ്പൽ മുങ്ങിയതെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കപ്പൽ കമ്പനി തങ്ങളുടെ നഷ്ടം നികത്തുമെന്ന് ഉറപ്പുവരുത്താൻ എം.എസ്.സി മാനസ കപ്പൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടണമെന്നും ഉത്തരവ് വിഴിഞ്ഞം തുറമുഖത്തിന് കൈമാറണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. കപ്പൽ തടഞ്ഞുവെക്കാൻ അറസ്റ്റ് ഉത്തരവിടേണ്ടതില്ലെന്നും വ്യാഴാഴ്ചതന്നെ നഷ്ടപരിഹാരത്തുക കെട്ടിവെക്കാമെന്നും കപ്പൽ കമ്പനി അറിയിച്ചു.
കപ്പൽ വ്യാഴാഴ്ച മടങ്ങാനിരിക്കുന്നതാണെന്നും അറസ്റ്റ് ഉത്തരവില്ലെങ്കിൽ നഷ്ടപരിഹാരം തരാതെ തീരം വിടാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക ഹരജിക്കാർ ആവർത്തിച്ചു. തുടർന്ന് കോടതിയിൽ തുക കെട്ടിവെക്കുകയോ കോടതിക്ക് ബോധ്യപ്പെടുന്നവിധം സമാന തുകക്കുള്ള സെക്യൂരിറ്റി കെട്ടിവെക്കുന്നത് വരെയോ കപ്പൽ തടഞ്ഞുവെക്കാൻ ജസ്റ്റിസ് എം.എ. അബ്ദുൽഹക്കീം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉച്ചക്കുശേഷം ഹരജി പരിഗണിക്കവേ, അഞ്ച് ഹരജിക്കാരും ചേർന്ന് പലിശസഹിതം ആവശ്യപ്പെട്ട ആകെ തുകയായ 5.97 കോടി രൂപ ഹൈകോടതി രജിസ്ട്രാറുടെ പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി നിക്ഷേപിച്ചതിന്റെ രേഖകൾ കപ്പൽ കമ്പനി ഹാജരാക്കി. തുകയോ സെക്യൂരിറ്റിയോ കെട്ടിവെച്ചാൽ മറ്റൊരു ഉത്തരവില്ലാതെതന്നെ അറസ്റ്റ് വാറണ്ടും ഉത്തരവും പിൻവലിക്കുമെന്നും സിംഗിൾബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുക കെട്ടിവെച്ചതായി കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടർന്ന് കപ്പലിന് തീരം വിടാൻ സ്വാഭാവിക അനുമതിയും ലഭിച്ചു. ഹരജികൾ വീണ്ടും 16ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

