Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിസ്റ്റര്‍ പിണറായി...

മിസ്റ്റര്‍ പിണറായി നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്?; അറസ്റ്റ് കൊണ്ടൊന്നും കോണ്‍ഗ്രസോ യു.ഡി.എഫോ പിന്തിരിയില്ല -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

പറവൂർ: പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസിനെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച് 20 വര്‍ഷം ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവിന് ഒരു മാസം തികയുന്നതിന് മുന്‍പ് പരോള്‍ നല്‍കിയതാണോ നിങ്ങളുടെ ഭരണമെന്നും സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെന്ന ആക്ഷേപം ഉന്നയിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായ എന്‍. സുബ്രഹ്‌മണ്യനെ രാത്രി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും കേസില്‍പ്പെടുത്തുകയും ചെയ്ത നടപടി ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ നടപടിയയാണ് യു.ഡി.എഫ് കാണുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടതിന്റെ വീഡിയോ എല്ലാ മാധ്യമങ്ങളിലും വന്നതാണ്. പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏക ആള്‍ എം.വി ഗോവിന്ദന്‍ മാത്രമാണ്. സോണിയ ഗാന്ധിക്കെതിരെ വ്യാപകമായി സി.പി.എം കള്ളപ്രചരണം നടത്തിയതിന് മറുപടിയായാണ് മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെയും സി.പി.എം സൈബര്‍ സംഘങ്ങള്‍ എത്ര കടന്നാക്രമണങ്ങളാണ് നടത്തിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊക്കെ എതിരെ എത്രയോ വ്യക്തിപരമായ കടന്നാക്രമണങ്ങളാണ് നടത്തിയത്. ഞങ്ങള്‍ നല്‍കിയ പരാതികളില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ലൈംഗികചുവയുള്ള ആരോപണങ്ങള്‍ വരെ നടത്തുകയാണ്. എ.ഐ ടൂള്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ അധിക്ഷേപം നടത്തിയതും സി.പി.എമ്മാണ്. വയനാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗന്ധിയും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സി.പി.എം ഐ.ഐ ടൂള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും. അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുമോ?

മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ? നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലമാണിത്. അതിന്റെ അഹങ്കാരമാണ് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തും ക്രിമിനലിനെ കൊണ്ടു പോകുന്നതു പോലെ പൊലീസ് കൊണ്ടു പോയതും. പൊലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സി.പി.എം നേതാവിനെ ജയിലില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പ് പരോളില്‍ വിട്ട സര്‍ക്കാരാണിത്. നിങ്ങള്‍ പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രിയല്ലേ പിണറായി വിജയന്‍? എന്നിട്ടാണ് പൊലീസുകാരെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച് ജയിലിലായ സി.പി.എം നേതാവിനെ ഒരു മാസം തികയുന്നതിന് മുന്‍പ് പരോള്‍ നല്‍കിയത്.

ഇതാണോ നിങ്ങളുടെ ഭരണം? നിങ്ങളുടെ ഡി.ഐ.ജി കൈക്കൂലി വാങ്ങി എല്ലാവര്‍ക്കും പരോള്‍ നല്‍കുകയല്ലേ? അതിന്റെ വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയല്ലേ? ടി.പിയെ കൊലപ്പെടുത്തിയ ക്രിമിനലുകള്‍ ഇപ്പോഴും പുറത്തല്ലേ? ലഹരി മരുന്ന് മാഫിയകള്‍ക്ക് നിങ്ങള്‍ സഹായം ചെയ്ത് കൊടുക്കുകയല്ലേ? ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങള്‍ ജയിലുകളില്‍ കഞ്ചാവും ലഹരിവസ്തുക്കളും എത്തിച്ചു കൊടുക്കുകയല്ലേ? എന്നിട്ടാണ് മാനം മര്യാദയായി ജീവിക്കുന്നവരെ രാത്രി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ഞങ്ങളെ പേടിപ്പിക്കാനൊന്നും വരേണ്ട. അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ല. അതുകൊണ്ടൊന്നും കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും പിന്തിരിയില്ല. നിങ്ങള്‍ ഏകാധിപതി ചമഞ്ഞ് ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട.

ഞങ്ങളെ എല്ലാവരെയും വീടുകളില്‍ വന്ന് അറസ്റ്റു ചെയ്യേണ്ടി വരും. പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് എന്തൊരു നാണക്കേടാണ്. നിങ്ങള്‍ കേരളത്തിന് അപമാനമാണ് മിസ്റ്റര്‍ പിണറായി വിജയന്‍. ശബരിമലയില്‍ പാട്ടുപാടിയതിന് കേസെടുത്ത് നാണംകെട്ട് പിന്‍വലിച്ച് ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. എന്തും ചെയ്യാമെന്ന ധാരണയൊന്നും വേണ്ട. ജനങ്ങള്‍ താക്കീത് തന്നിട്ടും അതില്‍ നിന്നൊന്നും നിങ്ങള്‍ പഠിക്കാന്‍ തയാറായിട്ടില്ല. 2026ല്‍ ഇതിലും വലിയൊരു താക്കീത് ജനം നിങ്ങള്‍ക്ക് തരും. അത് ഏറ്റുവാങ്ങാന്‍ തയാറായിക്കോളൂ. ഭയപ്പെടുത്താനൊന്നും നില്‍ക്കേണ്ട.

ലൈംഗികച്ചുവയുള്ള അപവാദമാണ് സി.പി.എം പണം നല്‍കി ചില യൂട്യൂബ് ചാനലുകള്‍ വഴി പറയിക്കുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാനാകില്ലെന്നാണ് പറയുന്നത്. ഡി.ജി.പി പരാതി നല്‍കിയിട്ടും നടപടിയില്ല. മുഖ്യമന്ത്രി പോറ്റിയെ കണ്ടതാണല്ലോ. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ, ഞങ്ങളെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയാണെന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതിന് വേണ്ടി എ.ഐ ടൂള്‍ വരെ ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസില്‍ ഒന്നും ഇല്ലെന്നു കണ്ടതോടെ വ്യാജ പ്രചരണങ്ങളുമായി സി.പി.എം ഇറങ്ങിയിരിക്കുകയാണ്. പൊലീസ് നിങ്ങളുടെ തറവാട്ട് സ്വത്താണോ? നാട്ടില്‍ ന്യായമില്ലേ? ധിക്കാരനിലപാടുകള്‍ ജനങ്ങളോട് പറയും. എല്ലാം അവസാനിക്കാറായല്ലോ. സമീപകാലത്തല്ലേ ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

2019ല്‍ ശബരിമലയില്‍ കൊള്ള നടന്നെന്ന് സി.പി.എം നേതാക്കള്‍ക്ക് അറിയാമായിരുന്നല്ലോ. ഇവരുടെ ഇന്റലിജന്‍സ് എവിടെയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കുഴപ്പം പിടിച്ച ആളാണ് പങ്കെടുക്കുന്നതെന്ന് പൊലീസിന് അറിയില്ലായിരുന്നോ? എന്നിട്ടും മുഖ്യമന്ത്രി സ്വര്‍ണക്കൊള്ള നടത്തിയെന്ന് ഞങ്ങള്‍ പറഞ്ഞില്ല. പക്ഷെ സ്വര്‍ണക്കൊള്ളക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കൊള്ള മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് കേസും അറസ്റ്റുമായി ഇറങ്ങിയിരിക്കുന്നത്. പാട്ടു ചിത്രവും കണ്ട് എന്ത് കലാപമാണ് ഉണ്ടാകുന്നത്. ഇവര്‍ക്കൊക്കെ നിയമ ഉപദേശം നല്‍കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരം.

എനിക്കെതിരെ പത്ത് കാര്‍ഡുകളാണ് സി.പി.എം ഇറക്കുന്നത്. സി.പി.എം സോഷ്യല്‍ മീഡിയക്ക് നേതൃത്വം നല്‍കുന്ന ആളാണ് പറവൂരില്‍ വന്ന് പ്രസംഗിച്ചത്. ഇപ്പോഴും അത് ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാം ജനം കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ പാരഡിക്കെതിരെ കേസെടുക്കില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരിലാണ് അറസ്റ്റെങ്കില്‍ എത്രയോ സി.പി.എം നേതാക്കള്‍ ജയിലിലായേനെ. പോറ്റിക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ പടം എല്ലാവരും ഇടാന്‍ പോകുകയാണ്. എന്തായാലും അങ്ങനെ ഒരു ചിത്രമുണ്ട്.

പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നവരെല്ലാം സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളാണോ? മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്നതിനേക്കാള്‍ എളുപ്പമാണ് സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുക്കാന്‍. കേസുകളൊക്കെ വരുന്നതിന് മുന്‍പാണ് സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തത്. നമ്മളെ കാണാന്‍ വരുന്നവരൊക്കെ സത്യസന്ധന്‍മാരാണെന്ന് കണ്ടെത്താനാകുമോ. മുഖ്യമന്ത്രിയെ പോലെ ഫോട്ടോ എടുക്കാന്‍ വരുന്നവരെ തള്ളിമാറ്റാറില്ല. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ ജയിലിലാണ്. എന്നിട്ടും അവര്‍ക്കെതിരെ സി.പി.എം എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്? എല്ലാ ക്രിമിനലുകളെയും സി.പി.എം സംരക്ഷിക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും പാര്‍ട്ടി കേരളത്തില്‍ ചെയ്തിട്ടുണ്ടോ? നടപടിക്രമം അനുസരിച്ചാണ് തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്‍മാരെ കണ്ടെത്തിയത്. സി.പി.എമ്മില്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. സ്ഥാനം ലഭിക്കാത്ത ആള്‍ക്ക് എന്തു വേണമെങ്കിലും പറയാം. ട്വന്റി20 യെ അകറ്റി നിര്‍ത്തിയിട്ടില്ല. അവരുടെ പിന്തുണ സ്വീകരിക്കരുതെന്നും പറഞ്ഞിട്ടില്ല. സി.പി.ഐ പിന്തുണ നല്‍കിയാലും സ്വീകരിക്കും. പക്ഷെ സി.പി.എമ്മിന്റെ പിന്തുണ യു.ഡി.എഫിന് വേണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFPinarayi VijayanVD SatheesanLatest NewsCongress
News Summary - Mr. Pinarayi, who are you trying to scare? -VD Satheesan
Next Story