എം.പിമാർ കേരളത്തിന്റെ അംബാസിഡർമാരാകണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ യഥാർഥ അംബാസിഡർമാരായും ഒരു ടീമായും എം.പിമാർ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റക്കും സംസാരിച്ച് കേരളത്തിന്റെ പൊതുവായ കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കണം. കേന്ദ്ര പദ്ധതികളുടെ സ്ഥിതി, ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ എം.പിമാർക്ക് ട്രാക്ക് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രത്യേക ഡാഷ് ബോർഡ് സംവിധാനം ഉണ്ടാക്കും. കേന്ദ്ര സ്‌കീമുകൾക്കായി ഒരു നോഡൽ ഓഫിസറെക്കൂടി നിയമിക്കും.
എം.പിമാരും സംസ്ഥാന സർക്കാറും തമ്മിലെ ആശയവിനിമയം മെച്ചപ്പെടുത്താനും കേരളത്തിന്റെ വിഷയങ്ങൾ എം.പിമാരെ ബോധ്യപ്പെടുത്താനും ഡൽഹിയിൽ ഫലപ്രദമായ സംവിധാനം ഉറപ്പാക്കും. കേരളത്തിന്റെ സോയിൽ സ്ട്രക്ചറിനെക്കുറിച്ച് കൃത്യമായ പഠനം നടത്താതെയാണ് പലയിടത്തും ദേശീയപാത സ്ട്രക്ചർ ഉണ്ടായത്. പരിമിതികൾക്കുള്ളിൽനിന്ന് സേഫ്റ്റി ഓഡിറ്റ് നടത്തി അവ പരിഹരിക്കും. ശബരി റെയിൽ ഉൾപ്പെടെ റെയിൽവേ പദ്ധതികളുടെയും എൻ.എച്ച് പദ്ധതികളുടെയും കാര്യത്തിൽ പ്രത്യേക യോഗം വിളിച്ച് കേന്ദ്രത്തിന് നൽകാനുള്ള പ്രൊപ്പോസലുകൾ തയാറാക്കും. പോർട്ട്, ഷിപ്പിങ്, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുണ്ടാക്കിയ പദ്ധതികളുടെ വിവരം പാർലമെന്റ് തുടങ്ങുംമുമ്പ് എം.പിമാർക്ക് ലഭ്യമാക്കും.
കേരളത്തിൽനിന്നുള്ള ജി.എസ്.ടിയുടെ 50 ശതമാനവും ഇൻകം ടാക്‌സ് മുഴുവനും കേന്ദ്രത്തിലേക്കാണ് പോകുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട പങ്ക് വാങ്ങിയെക്കാൻ ശ്രമിക്കണം. ദേശീയപാത നിർമാണത്തിന് സംസ്ഥാനം 5,000 കോടിയിലധികം രൂപ നൽകി. തിരുവനന്തപുരത്തെ പോർട്ട് കണക്ടിവിറ്റിക്കായി ഔട്ടർ റിങ് റോഡിന് മാത്രം 3,000 കോടിയിലധികം നൽകേണ്ടിവരും. കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ പണംകൂടി കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. അവർ തത്വത്തിൽ അംഗീകരിച്ചെന്നും അതിനെ പ്രായോഗികതലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഇന്റഗ്രേറ്റഡ് മാരിടൈം ഏവിയേഷൻ ഗേറ്റ്‌വേ ആക്കാൻ കേന്ദ്ര സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സതേൺ കേരള ഇക്കണോമിക് കോറിഡോർ, വയനാട് ട്രൈബൽ യൂനിവേഴ്‌സിറ്റി തുടങ്ങിയ പദ്ധതികൾക്ക് കേന്ദ്രസഹായം ആവശ്യമാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് ആയിരം കോടിയിലധികം രൂപ ലഭിക്കാനുണ്ട്. സ്ട്രാറ്റജിക് പോർട്ട് റെയിൽ ആൻഡ് ഹൈവേ കണക്ടിവിറ്റി, ഇന്റഗ്രേറ്റഡ് മാരിടൈം ലോജിസ്റ്റിക്‌സ് ആൻഡ് എയർപോർട്ട് കാർഗോ ഇക്കോസിസ്റ്റം, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഏവിയേഷൻ കപ്പാസിറ്റി, ഫിഷറീസ് എക്‌സ്‌പോർട്‌സ്, ഗ്രീൻ മാരിടൈം ഫ്യൂവൽ ആൻഡ് ബങ്കറിങ് എക്കോ സിസ്റ്റം, എയർപോർട്ട് മൾട്ടി മോഡൽ ഇന്റഗ്രേഷൻ തുടങ്ങിയ മേഖലകളിൽ നിക്ഷേപ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

