നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ട; കോൺഗ്രസ് തെരഞ്ഞെടുപ്പു സമിതി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ അഭിപ്രായം. തെരഞ്ഞെടുപ്പ് സമിതിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഈ അഭിപ്രായം ശരിവെച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റേതാണ് അന്തിമ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയ പ്രക്രിയക്ക് തുടക്കമിടാനും യോഗത്തിൽ ധാരണയായി. അതിനായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ചുമതലപ്പെടുത്തി.
ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും യോഗത്തിൽ നിർദേശമുയർന്നു. പാർട്ടിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. ബന്ധപ്പെട്ട പേരുകൾ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്ക് ശിപാർശ ചെയ്യാവുന്നതാണ്. അത് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിന് സമർപ്പിച്ചാൽ പാനലാക്കി തുടർചർച്ചകളിലേക്ക് നീങ്ങാം.
നേതാക്കൾ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും സ്ഥാനാർഥി പട്ടിക തയാറാക്കുക. ഏകപക്ഷീയമായി പട്ടിക തയാറാക്കിയാൽ അംഗീകരിക്കില്ല. തർക്കമില്ലാതെ സ്ഥാനാർഥികളെ തീരുമാനിക്കണം. സാമുദായിക സന്തുലിതാവസ്ഥയും പാലിക്കണം. വിജയമായിരിക്കണം അന്തിമ മാനദണ്ഡമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, സിറ്റിങ് സീറ്റുകളിലെ നിലവിലെ എം.എൽ.എമാർ തുടരണോ എന്ന കാര്യം ഇന്നത്തെ യോഗം ചർച്ച ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും ഗൃഹസന്ദർശനവുമായിരുന്നു പ്രധാന ഫോക്കസ്. തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ചയാണ് സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

