ലക്ഷദ്വീപ് മുൻ എം.പിക്ക് തുണയായത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്
text_fieldsകൊച്ചി: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയ സെഷൻസ് കോടതി ഉത്തരവ് മരവിപ്പിക്കാൻ കോടതിക്ക് പ്രേരണയായത് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി.
സെഷൻസ് കോടതിയുടെ കണ്ടെത്തൽ സസ്പെൻഡ് ചെയ്തില്ലെങ്കിൽ ജനങ്ങളുടെ പരോക്ഷമായ ചെലവിൽ 15 മാസത്തേക്ക് പ്രതിനിധിയെ കണ്ടെത്താനുള്ള ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കും എന്ന ഘടകമാണ് അസാധാരണ സാഹചര്യമുണ്ടാക്കിയതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 11ന് പ്രതികളെ ശിക്ഷിച്ചുകൊണ്ട് സെഷൻസ് കോടതി ഉത്തരവ് വന്നതിന് പിന്നാലെ 12ന് ഹൈകോടതിയിൽ അപ്പീൽ നൽകി. എം.പി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി 13ന് തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതിനു പിന്നാലെ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. നടപടിയിലെ ഈ വേഗം ഫൈസൽ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കോടതി ഗൗരവത്തിലാണ് പരിഗണിച്ചത്.
കുറ്റക്കാരനായി കണ്ടെത്തിയ സെഷൻസ് കോടതി ഉത്തരവ് മരവിപ്പിച്ചാലും എം.പി സ്ഥാനം തിരികെ ലഭിക്കില്ലെന്ന് വാദത്തിനിടെ അഡീ. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ലില്ലി തോമസ് കേസിലടക്കം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഈ വാദം കോടതി തള്ളി.
പാർലമെന്റ് അംഗം കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തൽ അപ്പീൽ കോടതി മരവിപ്പിച്ചാൽ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇല്ലാതാകുമെന്നായിരുന്നു ലില്ലി തോമസ് കേസിലെ വിധി. ക്രിമിനൽ നടപടി ചട്ടം 389 പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്യുമ്പോൾ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരമുള്ള അയോഗ്യത നിലവിലില്ലാതാകുമെന്ന് 2018ലെ ലോക് പ്രഹാരി കേസിലൂടെ സുപ്രീംകോടതി കൂടുതൽ വ്യക്തത വരുത്തി.
രവികുമാർ എസ്. പാട്ടിൽ-സർവഭൗമ എസ്. ബാഗലി കേസിലെ സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. മുഹമ്മദ് ഫൈസലിനെതിരെ നിലവിൽ മറ്റ് കേസുകളുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചെങ്കിലും അവ കോടതികളുടെ പരിഗണനയിൽ മാത്രമുള്ള കേസുകളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിൽ ശുദ്ധിയും മറ്റും അനിവാര്യമാണെങ്കിലും ഉന്നതമായ ഈ മൂല്യങ്ങളുടെ പേരിൽ നിയമവാഴ്ച നിഷേധിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകാൻ നീക്കം നടത്തുന്നുണ്ട്. ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരായ അപ്പീൽ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്.