മുക്കുമൂലകൾ 'തകർത്ത്' മുന്നേറി മൂവിങ് അനൗൺസ്മെൻറ്
text_fieldsതൃശൂർ: കാതടപ്പിക്കുന്ന അനൗൺസ്മെൻറില്ലെങ്കിലും സമൂഹമാധ്യമ മേച്ചിൽപുറങ്ങളിലെ മുക്കുമൂലകളിലെല്ലാം 'തകർത്ത്' മുന്നേറുകയാണ് മൂവിങ് അനൗൺസ്മെൻറ്. കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള തകർപ്പൻ പ്രചാരണ മാധ്യമമാണിത്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും അടക്കം പുഞ്ചിരി തൂകി, കൈവീശി നിൽക്കുന്ന സ്ഥാനാർഥിെക്കാപ്പം ഒഴുകിനീങ്ങുന്ന അനൗൺസ്മെൻറ് വാഹനത്തിൽനിന്ന് മധുരശബ്ദത്തിൽ സുന്ദര വോട്ട് തേടൽ.
ഗ്രാമത്തിെൻറ മുക്കുമൂലകളിൽ വാഹനത്തിൽ വോട്ട് േചാദിച്ച് നടക്കാൻ അനുമതിക്ക് കടമ്പകൾ ഏറെ വേണ്ട സാഹചര്യത്തിലാണ് കോവിഡ് വീട്ടിൽ ഇരുത്തിയ വോട്ടർമാരിലേക്ക് സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർഥികളുടെ തള്ളിക്കയറ്റം. ഒപ്പം സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന വിഡിയോ പ്രൊഫൈലും വൈറലാണ്.
സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ പുത്തൻ ആശയങ്ങൾ വീണ്ടും തെരഞ്ഞെടുപ്പ് സൈബർ പോർക്കളത്തിലെത്തുമെന്നും അവ എന്താണെന്ന് ഇപ്പോൾ പറഞ്ഞ് രസച്ചരട് പൊട്ടിക്കാനില്ലെന്നും മാക്സ് മീഡിയ ഉടമ എം.എ. നസീർ പറയുന്നു. നഗരങ്ങളിലെ റെക്കോഡിങ് കമ്പനികൾ വിട്ട് രാഷ്ട്രീയ പാർട്ടികൾ ഗ്രാമങ്ങളിലെ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന കാഴ്ചയും ഏെറയുണ്ട്. നാട്ടിൻപുറത്ത് പാട്ടെഴുതി റെക്കോഡ് നടത്തി മിക്സ് ചെയ്യാൻ കൂലി കുറവാണെന്നതാണ് ഈ ആകർഷണത്തിന് പിന്നിൽ. സ്റ്റേജ് ഷോകൾ ഒന്നുമില്ലാത്ത ഗാനമേള സംഘങ്ങൾ മുതൽ വീട്ടിൽ ഹോം തിയറ്ററുകൾ ഉള്ളവർ വരെ ഇത്തരം പരീക്ഷണങ്ങളുമായി രംഗത്തുള്ളതിനാൽ മേഖലയിൽ മത്സരം മുറുകുകയാണ്.
എട്ടുമാസമായി പുതിയ സിനിമ ഇറങ്ങാത്തത് തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്. ഗൂഢാലോചന സിനിമയിലെ 'കൽബിൽ തേനൊഴുകണ കോഴിക്കോട്' പാട്ടാണ് സ്ഥാനാർഥികൾ പാരാഡിയാക്കാൻ കൂടുതൽ ആശ്രയിക്കുന്നത്. മധുരരാജയിലെ മോഹമുന്തിരി എന്ന് തുടങ്ങുന്ന പാട്ടിെൻറ പാരഡിക്കും സ്ഥാനാർഥികൾ ഏറെ. ഗായകി സയനോരയുടെ 'അല്ല ഏട്യാന്നപ്പാ പോയീന്, എന്ത്ന്നാന്നപ്പാ കയിച്ചിന്' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിനും പാരഡി വേണ്ടവരുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും തമ്മിലുള്ള തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിൽ എതിരാളികളെ കുറ്റപ്പെടുത്താത്ത തികഞ്ഞ പ്രതിപക്ഷ ബഹുമാനമാണ് പരസ്പരം കാത്തുസൂക്ഷിക്കുന്നത്.