സിനിമ വിലക്ക്: റസൂൽ പൂക്കുട്ടിയുടെ പ്രതികരണത്തിൽ വിവാദം കനക്കുന്നു
text_fieldsറസൂൽ പൂക്കുട്ടി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) സിനിമ വിലക്ക് നേരിട്ട വിഷയത്തിൽ കേന്ദ്ര സർക്കാറിനെ അനുകൂലിച്ച സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ നിലപാടിൽ വിവാദം കനക്കുന്നു. ഇടത് സാംസ്കാരിക പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഇതിനെതിരെ രംഗത്തുവന്നു. കേന്ദ്രം വിലക്കിയ സിനിമകളെല്ലാം പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടും വിദേശകാര്യ മന്ത്രാലയം വിലക്കിയ ആറ് സിനിമകൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന ചെയർമാന്റെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് വിമർശനം.
ആറ് സിനിമകൾ ഇന്ത്യയെ തകർക്കുന്ന ബോംബായതുകൊണ്ടാണ് നിരോധിച്ചതെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞതാണ് വിവാദമായത്. റസൂൽ പൂക്കുട്ടിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പറയുന്നു. ആറ് സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും അത് എന്റെ തീരുമാനമാണെന്നും ഇന്ത്യയാണ് എനിക്ക് വലുതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞതിനെതിരെ നടപടി വേണ്ടതല്ലേയെന്നാണ് ചലച്ചിത്ര -സാംസ്കാരിക പ്രവർത്തകൻ വി.കെ. ജോസഫ് ചോദിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന് ഒരു സിനിമ ക്ലിയർ ചെയ്യാനോ നിരോധിക്കാനോ യാതൊരു അധികാരവും ഇല്ലെന്നിരിക്കെയാണ് ഇത്തരമൊരു നിലപാടിന് അക്കാദമി വഴങ്ങിയത്. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ സംസ്ഥാന സർക്കാറിന്റെ തീരുമാന പ്രകാരം സിനിമകൾ പ്രദർശിപ്പിച്ചപ്പോഴാണ് കേരളത്തിൽ അതിനുള്ള സാധ്യതകൾ ഇല്ലാതാക്കിയത്. ചലച്ചിത്രമേളകളിൽ മുമ്പ് പ്രദർശിപ്പിച്ച ചിത്രങ്ങൾക്കു പോലും അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, താൻ പറഞ്ഞതിൽ ചിലത് മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണെന്നാണ് റസൂൽ പൂക്കുട്ടിയുടെ വാദം. നിലവിലെ വിവാദം തന്നെ മറ്റൊരാൾ എന്ന നിലയിൽ ലേബൽ ചെയ്യാനുള്ളതാണ്. ഞാനൊരു ഭാരതീയനാണെന്ന് പറഞ്ഞാലുടൻ നിങ്ങളൊരു ബി.ജെ.പിക്കാരനാണോയെന്ന് ചോദിക്കും. ഇതൊന്നും കൂടാതെ തന്നെ തനിക്കൊരു ഇന്ത്യക്കാരനാകാം. തന്റേതായ രാഷ്ട്രീയമുണ്ടെങ്കിലും ഒരു സ്ഥാനത്തിരിക്കുമ്പോൾ സ്വീകരിക്കേണ്ട രാഷ്ട്രീയ തീരുമാനങ്ങളുണ്ട്. ഇത് രണ്ടും കൂട്ടിക്കുഴക്കരുതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

