എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; നടപടി നേരിട്ട അധ്യാപകനെ അസോ. പ്രഫസറാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് സർവകലാശാല ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തിൽ കേരള യൂനിവേഴ്സിറ്റി ഡീബാർ ചെയ്ത അധ്യാപകന് സ്ഥാനക്കയറ്റം നൽകാമെന്ന് നിയമോപദേശം. യൂനിവേഴ്സിറ്റി കോളജ് അറബിക് അധ്യാപകൻ അബ്ദുൽ ലത്തീഫിനെ സർവകലാശാല അറബിക് വിഭാഗത്തിൽ അസോസിയറ്റ് പ്രഫസറാക്കുന്നതിനാണ് നിയമോപദേശം.
അബ്ദുൽ ലത്തീഫിനെ സർവകലാശാലയിൽ നിയമിക്കാൻ സെലക്ഷൻ കമ്മിറ്റി ശിപാർശ ചെയ്തത് സിൻഡിക്കേറ്റിെൻറ പരിഗണനക്ക് വന്നപ്പോൾ സർവകലാശാല ഡീബാർ ചെയ്ത വിവരം ഉയർന്നുവന്നിരുന്നു. ഇതേതുടർന്നാണ് നിയമനത്തിൽ സ്റ്റാൻഡിങ് കോൺസലിൽനിന്ന് സർവകലാശാല അനുകൂല നിയമോപദേശം നേടിയത്. ഇൗ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ ലത്തീഫിനെ നിയമിക്കാനാണ് നീക്കം. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പ് ശിപാർശ നൽകിയതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയോടെ സർക്കാറിെൻറ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമനം നൽകാൻ വി.സിക്കുമേൽ സമ്മർദമുണ്ട്.
ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ അന്തിമ വിധിക്ക് വിധേയമായി പ്രഫസർ നിയമനം നൽകാവുന്നതാണെന്നാണ് സർവകലാശാല നിയമോപദേശകെൻറ നിലപാട്. ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം നടന്ന് ഒന്നരവർഷം കഴിഞ്ഞ് നിയമസഭയിൽ ഒച്ചപ്പാടായതിന് ശേഷമാണ് സർവകലാശാല കേസ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാറിെൻറ പുരസ്‌കാരങ്ങൾ നേടിയ അപേക്ഷകരുൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ് ലത്തീഫിന് നിയമനം നൽകാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്നാണ് ആക്ഷേപം. ലത്തീഫിന് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള സമയത്താണ് യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെടുന്നതും ശിവരജ്ഞിത്തിെൻറ വീട്ടിൽനിന്ന് കണ്ടെടുക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

