സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാറായതോടെ പിന്‍വാതില്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാറായതോടെ വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും മറ്റ് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ കേരളത്തിലെ യോഗ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈദ്യുത മന്ത്രാലത്തിന് കീഴിലുള്ള അനര്‍ട്ടില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതു വരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ സി.എ.ഒ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ഒടുവിലെ സംഭവം. കോടിക്കണക്കിന് രൂപയുടെ അഴിമതിയില്‍ ആരോപണവിധേയനായി സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ സി.ഇ.ഒയുടെ ശിപാര്‍ശയാണ് സര്‍ക്കാര്‍ അതീവ ഗൗരവമായി പരിഗണിച്ചത്. അനര്‍ട്ടിലെ നിയമനങ്ങളില്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന 2021 ലെ ഹൈകോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് അവിടെ കാര്യങ്ങള്‍ നടന്നത്. നിലവിലെ കരാര്‍ ജീവനക്കാരെ വന്‍ ശമ്പളവര്‍ധനവില്‍ കരാര്‍ പുതുക്കി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും എംപ്‌ളോയ്‌മെന്റ് ഡയറക്ടറുടെ കത്തുകളും അവഗണിച്ചിരിക്കുകയാണ്.
എംപ്‌ളോയ്‌മെന്റ് വഴി ആളെ എടുക്കണമെന്ന നിയമത്തിന് വിരുദ്ധമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് വഴി പുതുതായി വീണ്ടും കരാര്‍ ജീവനക്കാരെ എടുക്കാന്‍ അനര്‍ട്ട് പത്രപരസ്യവും നല്‍കിയിട്ടുണ്ട്. പത്തു വര്‍ഷത്തെ ഭരണത്തിനിടെ, ഭരണഘടനാവിരുദ്ധമായി രണ്ടു ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. നാഷണല്‍ എംപ്‌ളോയ്‌മെന്റ് സര്‍വീസ് നടത്തിയ പരിശോധനയിലാണ് ഈ ചട്ടലംഘനം തെളിഞ്ഞത്.
കേരളത്തില്‍ വര്‍ഷം 33000 ഒഴിവുകളാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്നത്. എന്നാല്‍ കണക്കു പ്രകാരം ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളു. ബാക്കി ശരാശരി 22000 ഒഴിവുകള്‍ എല്ലാ വര്‍ഷവും സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കുമായി വീതം വെച്ചു കൊടുക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കേരളത്തിലെ യോഗ്യരായ യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഈ പരിപാടി ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

