ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസുകാരെ പിരിച്ചുവിടാൻ നീക്കം
text_fieldsതിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടാൻ നീക്കം. ജീവപര്യന്തമോ പത്തുവർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പട്ടികയിലുള്ളത്. ഇവരുടെ ഭാഗംകൂടി കേട്ടശേഷമാകും നടപടി. ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാൻ നീക്കം ആരംഭിച്ചതായി നവംബറിൽ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തവരെ തൽക്കാലം ഒഴിവാക്കും.
സംസ്ഥാന പൊലീസിൽനിന്ന് ഇത്രയും ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടാനുള്ള നടപടിയിലേക്ക് കടക്കുന്നത് ആദ്യമായാണ്. മുമ്പ് ഇത്തരം നീക്കം നടന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകളെതുടർന്ന് പിന്മാറി. ആദ്യ പിണറായി സർക്കാർ അധികാരത്തിൽവന്ന 2016 മുതൽ ഇതുവരെ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ പ്രതിയായ ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോർട്ടിലാണ് 58 പേരെക്കൂടി പിരിച്ചുവിടേണ്ടിവരുമെന്ന് സർക്കാറിനെ ഡി.ജി.പി അനിൽകാന്ത് അറിയിച്ചത്.
ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു കൈമാറിയ റിപ്പോർട്ട് നിയമ സെക്രട്ടറി ഹരി നായർ വ്യവസ്ഥകളോടെ അംഗീകരിച്ചു. സുനുവിനെയാകും ആദ്യം പിരിച്ചുവിടുക. അതിൽ നിയമപ്രശ്നം ഉണ്ടായില്ലെങ്കിൽ പടിപടിയായി മറ്റുള്ളവരെ പുറത്താക്കും. സുനുവിനെ പിരിച്ചുവിടാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അദ്ദേഹം ഫയലിൽ ഒപ്പിടുന്ന മുറക്ക് തുടർനടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

