കേരളത്തെ ഞെരുക്കാൻ വായ്പലഭ്യത വെട്ടിക്കുറക്കാൻ നീക്കം -ധനമന്ത്രി
text_fieldsതിരുവനന്തപുരം: കടബാധ്യത പെരുപ്പിച്ച് കാട്ടി സംസ്ഥാനത്തെ ഞെരുക്കാനുള്ള കേന്ദ്രനീക്കം അപകടകരമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനം ഗ്യാരന്‍റ നൽകി പൊതുമേഖല സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും കിഫ്ബി വായ്പയുമടക്കം പൊതുകടത്തിൽ ഉൾപ്പെടുത്തി വായ്പ ലഭ്യത നാലു വർഷത്തേക്ക് വെട്ടിക്കുറക്കാനാണ് കേന്ദ്രനീക്കം. പുറമെ ധനകമ്മി ഗ്രാൻഡ് കുറക്കുകയും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിക്കുകയും ചെയ്തു. ഫലത്തിൽ സംസ്ഥാനത്തിന് ഈ വർഷം ധനലഭ്യതയിൽ 23000 കോടി രൂപയുടെ കുറവുണ്ടാകുമെന്നും ഉപധനാഭ്യർഥന ചർച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സി.എ.ജി, ഇ.ഡി, ആർ.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കിയാണ് കേന്ദ്ര നീക്കം. ഇതിന് പിന്നിൽ രാഷ്ട്രീയതാൽപര്യമാണ്.
സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പേരിൽ ബന്ധപ്പെട്ട മന്ത്രിക്കെതിരെ നോട്ടീസ് കൊടുക്കുകയാണ് കേന്ദ്ര ഏജൻസികൾ. സർക്കാർ പൊതു തീരുമാനത്തിന്‍റെ പേരിലാണ് മന്ത്രിയെ ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്താനും നീക്കം നടത്തുന്നത്. ഇത് ആശാസ്യമല്ല.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അപകടത്തിലല്ല. പൊതുകടം കൂടിയതിനെതിരെ കടുത്ത വിമർശനമുണ്ടെങ്കിലും അത് ഭയക്കേണ്ട സ്ഥിതിയിലല്ല. വി.എസ്. അച്യുതാനന്ദന്‍റെ ഭരണകാലത്തെ കടം ഇരട്ടിപ്പിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ഇറങ്ങിയത്. എന്നാൽ, ഒന്നാം പിണറായി വിജയൻ സർക്കാർ കടം നിയന്ത്രിച്ച് വർധന 80 ശതമാനത്തിൽ ഒതുക്കി. മൊത്ത ഉൽപാദനത്തിന്‍റെ 37 ശതമാനമാണ് ഇവിടെ കടം. കേന്ദ്രത്തിൽ അത് 69 ശതമാനമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച സർക്കാറാണിത്. ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കുന്നുണ്ട്. യു.ഡി.എഫ് സർക്കാർ ക്ഷേമപെൻഷൻ 18 മാസം കുടിശ്ശികയാക്കി. എന്നാൽ, കഴിഞ്ഞ ആറുവർഷവും അത് മുടങ്ങിയിട്ടില്ല. കേരളത്തിൽ അതിദരിദ്രർ ഒരു ശതമാനത്തിൽ താഴെ എത്തിക്കാനായത് ഇതിലൂടെയൊക്കെയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

