എലപ്പുള്ളി ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാൻ നീക്കം; പ്രതിഷേധിച്ച് നാട്ടുകാർ, കമ്പനി പ്രതിനിധിയെ തടഞ്ഞു
text_fieldsപാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി പ്രദേശത്ത് പ്രതിഷേധിക്കുന്നവർ
പാലക്കാട്: ഏറെ വിവാദത്തിന് വഴിവെച്ച പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാനുള്ള ഒയാസിസ് കമ്പനിയുടെ നീക്കത്തിൽ വൻ പ്രതിഷേധം. ജനകീയ സമര സമിതിയും കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാർ കമ്പനി പ്രതിനിധിയെയും മണ്ണുമാന്തിയന്ത്രവും തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ മണ്ണുമാന്തിയന്ത്രം മടക്കി അയച്ചു.
അതേസമയം, കാടുവെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു നിർമാണ പ്രവർത്തനവും നടത്തുന്നില്ലെന്നും കമ്പനി പ്രതിനിധി ഗോപീകൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചു. നാലു ദിവസം മുമ്പ് വില്ലേജ് ഓഫിസർക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജോലികൾ ചെയ്യാനാണ് വന്നത്. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെയും കസബ പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
കത്തിന്‍റെ പകർപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് വാട്ട്സ്ആപ്പ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ സർവേയും താലൂക്ക് ഉദ്യോഗസ്ഥരുടെയും സർവേ നടത്തേണ്ടതുണ്ട്. മഴവെള്ള സംഭരണിയെ കുറിച്ച് പഠിക്കണം. ജലചൂഷണം ചെയ്യുന്നില്ലെന്ന് അധികാരികൾക്ക് രേഖാമൂലം നൽകിയിട്ടുണ്ട്. രണ്ടാൾ ഉയരത്തിലാണ് കാടുനിൽക്കുന്നത്. പന്നിയുടെയും മലമ്പാമ്പിന്‍റെയും ശല്യം ഉണ്ടെന്ന് പറയുന്നതായും ഗോപീകൃഷ്ണൻ വ്യക്തമാക്കി.
പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രൂവറി പദ്ധതിയെ ജനങ്ങളും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും എതിർക്കുന്നത്. പിണറായി സർക്കാർ അനുമതി നൽകിയെ ബ്രൂവറി പദ്ധതിക്കെതിരെ എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
പാലക്കാട് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മദ്യനിർമാണ കമ്പനിയായ ഒയാസിസ് കൊമേഴ്സൽ പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി പ്ലാന്‍റ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. പദ്ധതിക്കായി എലപ്പുള്ളി രണ്ട് വില്ലേജില്‍ വാങ്ങിയ 23.59 ഏക്കര്‍ ഭൂമിയില്‍ 5.89 ഏക്കര്‍ വയലാണ്.
അഞ്ച് സർവേ നമ്പറുകളിലായി കിടക്കുന്ന ഒരു ഹെക്ടര്‍ 60 ആര് 32 ചതുരശ്ര അടി ഭൂമി തരംമാറ്റാനായി കമ്പനി അപേക്ഷ നല്‍കിയെങ്കിലും ആർ.ഡി.ഒ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

