Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും അജിത് കുമാറിനെ കൊണ്ടുവരാൻ നീക്കം

text_fields
bookmark_border
അടുത്ത പൊലീസ്മേധാവിയാകാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി
ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും അജിത് കുമാറിനെ കൊണ്ടുവരാൻ നീക്കം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയിലേക്ക് ആരോപണവിധേയനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചു. ജൂണ്‍ 30ന് സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ നിന്ന് ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്നതിന് പിന്നാലെയാകും അജിത് കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയിലേക്ക് കൊണ്ടുവരാനുള്ള ചരടുവലികൾ ആരംഭിച്ചത്. ഷേഖ് ദര്‍വേശ് സാഹിബ് വിരിമിക്കുന്നതോടെ, നിലവിൽ ക്രമസമാധാന ചുമതലയിലുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പി പദവിയിലേക്ക് ഉയർത്തപ്പെടും. ഇതോടെ, ആദ്യം പുതിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെയും പിന്നാലെ, പുതിയ പൊലീസ് മേധാവിയെയും കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിലേക്ക് പരിഗണിക്കുന്നത്. എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജമൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ നടപടിയുണ്ടായാൽ ഒരുപക്ഷേ, എ.ഡി.ജി.പിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത്, ബൽറാം കുമാർ ഉപാധ്യായ എന്നിവരെ പരിഗണിച്ചേക്കും.

നേരത്തെ തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഘടകകക്ഷിയായ സി.പി.ഐയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ ആറിന് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മുഖ്യമന്ത്രി ഒഴിവാക്കിയത്. അതേസമയം കേരളത്തിലെ അടുത്ത പൊലീസ് മേധാവിയാകാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), രവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പൊലീസ് മേധാവിയാക്കിയാൽ കേരളത്തിൽ തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാലാണ് അവരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ആറുപേരിൽ മൂന്നുപേരെ ഉള്‍പ്പെടുത്തി യു.പി.എസ്.സി അന്തിമപട്ടിക തിരിച്ചുനല്‍കും. ഇതിൽ സർക്കാറിന് താൽപര്യമുള്ള ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കാം. അട്ടിമറികളുണ്ടായില്ലെങ്കില്‍ സർവിസിൽ സീനിയർമാരായ നിതിന്‍ അഗര്‍വാള്‍, രവാഡ, യോഗേഷ് ഗുപ്ത എന്നിവരായിരിക്കും അന്തിമപട്ടികയില്‍ ഇടംപിടിക്കുക.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Move to bring Ajith Kumar back to the charge of law and order
Next Story