Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗത്തിയിൽ 67.11 ഏക്കർ ഏറ്റെടുക്കാൻ നീക്കം

text_fields
bookmark_border
കുടിയിറക്ക് ഭീതിയിൽ 160 കുടുംബങ്ങൾ, സാമൂഹികാഘാത പഠനം തുടങ്ങി; പ്രതിഷേധം ശക്തം
അഗത്തിയിൽ 67.11 ഏക്കർ ഏറ്റെടുക്കാൻ നീക്കം
cancel
Listen to this Article

കൊച്ചി: പ്രതിരോധ, വിനോദ സഞ്ചാര പദ്ധതികളുടെ പേരിൽ ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കം തുടങ്ങിയതോടെ അഗത്തി ദ്വീപിലെ 160ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ.

പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്ടർ ഉത്തരവിറക്കിയതോടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രകൃതി സൗന്ദര്യവും മത്സ്യസമ്പത്തും പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമായ കൊച്ചു ദ്വീപാണ് അഗത്തി.

ഏഴ് കിലോമീറ്ററാണ് നീളം. എണ്ണായിരത്തോളം പേർ താമസിക്കുന്ന അഗത്തി ദ്വീപിന്റെ വടക്ക്, തെക്ക്, മധ്യഭാഗങ്ങളിൽനിന്നായി 67.11 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നീക്കം.

ഇന്ത്യൻ വ്യോമസേനക്ക് ഫീൽഡ് ബേസ് സപ്പോർട്ട് യൂനിറ്റുകൾ സ്ഥാപിക്കാൻ അഗത്തി ദ്വീപിന്‍റെ വടക്കുഭാഗത്തായി 37.74 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വിനോദസഞ്ചാര വകുപ്പിന് വേണ്ടിയാണ് തെക്ക്, മധ്യ ഭാഗങ്ങളിലായി 29.37 ഏക്കർ ഏറ്റെടുക്കുന്നത്.

സിറ്റി സെന്‍റർ വികസനത്തിന് 0.47 ഏക്കറും ഫാമിലി ഹട്ട് വികസനത്തിന് 3.94 ഏക്കറും ടൂറിസ, മറ്റ് പൊതു വികസന പദ്ധതികൾക്കായി 24.96 ഏക്കറും ഏറ്റെടുക്കും. നിലവിൽ മേഖലയിൽ നൂറോളം ടൂറിസം ഹട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതോടെ ഇവയുടെ നടത്തിപ്പുകാരായ നിരവധി കുടുംബങ്ങളുടെ വരുമാന മാർഗം നഷ്ടപ്പെടും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ 160ഓളം കുടുംബങ്ങൾക്ക് വീടും ഭൂമിയും ഇല്ലാതാകുന്നതിന് പുറമെ പള്ളികൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഷെഡുകൾ എന്നിവയും നഷ്ടമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ട് മാസത്തിനകം സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ്. സർക്കാർ ഭൂമി ലഭ്യമാണെന്നിരിക്കെ തദ്ദേശവാസികളെ ജീവിതവും വരുമാനവും ഇല്ലാതാക്കി ദ്വീപിൽ നിന്ന് പുറത്താക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് പദ്ധതിക്ക് പിന്നിലെന്ന് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ആരോപിച്ചു. രാഷ്ട്രപതിക്ക് ഭീമഹരജി നൽകാനും നീക്കമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Move to acquire 67.11 acres in Agathi begins
Next Story