രാഹുലിനെതിരെ അതിവേഗ നടപടികൾക്ക് നീക്കം; ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ കണ്ടു
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ കേസെടുത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. ഉടൻ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, പാലക്കാട്ടെ മുൻനിശ്ചയിച്ച തെരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നും രാഹുൽ പിന്മാറി. ഇന്ന് വൈകീട്ട് നടക്കേണ്ട ചില പരിപാടികളിൽ രാഹുൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുവെന്നാണ് വിവരം. നിലവിൽ രാഹുലിന്റെ എം.എൽ.എ ഓഫീസ് പൂട്ടിയ നിലയിലാണ്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമം രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ യുവതി പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കാണ് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു. രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ പരാതി കിട്ടിയാൽ മാത്രം നടപടിയെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.
നേരത്തെ രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ, ആരും മൊഴി നൽകാൻ എത്താത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു.
കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

