തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാറിനെതിരെ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെ.സി.ബിസി). ധാരണാപത്രം ഒപ്പിട്ട സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. ധാരണാപത്രം പിൻവലിക്കാൻ എടുത്ത നടപടി ആശ്വാസകരമെന്നും കെ.സി.ബി.സി വ്യക്തമാക്കി.
വിദേശ കമ്പനി ഭാവിയിലും നടപടികളുമായി മുന്നോട്ടു പോകാൻ സാധ്യതയുണ്ട്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സർക്കാർ അവസാനിപ്പിക്കണമെന്നും കെ.സി.ബി.സി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വിവാദത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനിച്ച് ലത്തീൻ കത്തോലിക്ക സഭയും രംഗത്തെത്തി. ധാരണാപത്രം റദ്ദാക്കി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാമെന്ന് സംസ്ഥാന സർക്കാർ കരുതേണ്ടെന്ന് ലത്തീൻ സഭ വ്യക്തമാക്കി.
ക്ലിഫ് ഹൗസിൽ പോയി ചർച്ച നടത്തിയെന്നാണ് വിദേശ കമ്പനിയായ ഇ.എം.സി.സിയുടെ സി.ഇ.ഒ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആരെ പറ്റിക്കാനെന്ന് സി.ബി.സി.ഐ സെക്രട്ടറി ഫാദർ യൂജിൻ പെരേര ചോദിച്ചു.