മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുവരുന്നതായി മന്ത്രി സി.പി. ജോൺ
text_fieldsമലപ്പുറം: മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുവരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ. ഇതേക്കുറിച്ച് അന്വേഷണം നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം, പാലക്കാട് ജില്ലകളിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ 30 ശതമാനം വരെ കുറഞ്ഞത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ നടന്ന മലപ്പുറം, പാലക്കാട്, തൃശൂർ സോണിലെ ആർ.ടി.ഒമാരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഈ വർഷം 30 ശതമാനം കുറഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 10 ശതമാനമാണ് കുറവ്. മലപ്പുറത്ത് നേരത്തെ 10 ലക്ഷം വരെ വാഹന രജിസ്ട്രേഷൻ നടന്നിരുന്നത് ഏഴു ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇവിടെയുള്ളവർ നാഗാലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് രജിസ്ട്രേഷൻ നടത്തുന്നത്. കേരളത്തിൽ മികച്ച ഡ്രൈവിങ് സമ്പ്രദായം നടപ്പാക്കാൻ ശ്രമം നടത്തും.
സീബ്രാലൈനിന്റെ വീതി വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും. കൂടുതൽ ആളുകൾക്ക് ഒരേ സമയം റോഡ് കടക്കാൻ ഇതുവഴി സാധിക്കും. പല ജില്ലകളിലും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടുതലാണ്. പല ഓഫിസുകളും ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാത്ത വിധം ശോച്യാവസ്ഥയിലാണ്. ഇവ നവീകരിക്കാൻ നടപടി സ്വീകരിക്കും. 7335 കോടിയാണ് മോട്ടോർ വാഹന വകുപ്പ് സർക്കാറിലേക്ക് നൽകുന്നത്. സർക്കാറിന്റെ പ്രധാന വരുമാനങ്ങളിലൊന്നാണിത്. ഇതിൽ ചെറിയ ശതമാനം തിരിച്ചു നൽകി കെട്ടിടങ്ങൾ നവീകരിക്കാനും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന യാഡുകൾ നവീകരിക്കാനും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

