നന്ദി പറയാനുള്ള മനസുണ്ടെങ്കിൽ നിരത്തുകളെ സമാധാനമുള്ള ഇടമാക്കാം; മുഹമ്മദ് അജ്മലിനോടും, മുഷീറുദീനോടും നാട് കടപ്പെട്ടിരിക്കുന്നു...
text_fieldsനിരത്തിലെ കരുതലുകൾ അതെത്ര ചെറുതാണെങ്കിലും അതിന് ജീവൻ്റെ വിലയാണെന്ന് മോട്ടോർ വാഹനവകുപ്പ്. അതുകൊണ്ട് തന്നെ നന്ദി കാണിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വളാഞ്ചേരി കൊപ്പം റോഡിൽ വീട്ടുകാരറിയാതെ കൊച്ചുകുട്ടി റോഡിലിറങ്ങിയതും അതുവഴി കടന്നുപോവുകയായിരുന്ന കാർ ഇതുകണ്ട് നിർത്തി, അതിൽ നിന്നിറങ്ങി വന്ന ചെറുപ്പക്കാരൻ കുട്ടിയെ എടുത്ത് വീട്ടിലെത്തിക്കുന്ന സി.സി.ടി.വി ദൃശ്യം വൈറലായിരുന്നു.
ഈ സംഭവം പൊതു സമൂഹത്തിൻ്റെ മുന്നിലേക്ക് എത്തിക്കുവാനും , അവരെ കണ്ടെത്തുവാനും, തങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നതിനും വേണ്ടിയാണ് ഈ സി.സി.ടി.വി ദൃശ്യങ്ങൾ വീട്ടുകാർ തന്നെ പുറത്ത് വിട്ടത്. അതുവഴി പൊന്നാനിക്കാരായ മുഹമ്മദ് അജ്മലും , മുഷീറുദീനും ആണ് ആ നല്ല മനസ്സിന് ഉടമകൾ എന്ന് പുറം ലോകം തിരിച്ചറിഞ്ഞു. അവരോട് നന്ദി പറയേണ്ടത് വീട്ടുകാരുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്നുണ്ടോ? നമ്മൾ ഓരോരുത്തരും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ മോട്ടോർ വാഹനവകുപ്പ് പറയുന്നത്. നന്ദി പറയാനുള്ള ഒരു മനസ്സുണ്ടെങ്കിൽ നമുക്ക് നമ്മുടെ നിരത്തുകളെ സമാധാനമുള്ള ഒരിടമാക്കി മാറ്റാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ:
നിരത്തിലെ കരുതലുകൾ അതെത്ര ചെറുതാണെങ്കിലും അതിന് ജീവൻ്റെ വിലയാണ്. അതുകൊണ്ട് തന്നെ അവയോട് നന്ദി കാണിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. വളാഞ്ചേരി കൊപ്പം റോഡിൽ വച്ച് നടന്ന ഈ സംഭവം പൊതു സമൂഹത്തിൻ്റെ മുന്നിലേക്ക് എത്തിക്കുവാനും , അവരെ കണ്ടെത്തുവാനും, തങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നതിനും വേണ്ടിയാണ് ഈ CCTV ദൃശ്യങ്ങൾ വീട്ടുകാർ തന്നെ പുറത്ത് വിട്ടത്. അതുവഴി പൊന്നാനിക്കാരായ മുഹമ്മദ് അജ്മലും , മുഷീറുദീനും ആണ് ആ നല്ല മനസ്സിന് ഉടമകൾ എന്ന് പുറം ലോകം തിരിച്ചറിഞ്ഞു. അവരോട് നന്ദി പറയേണ്ടത് വീട്ടുകാരുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്നുണ്ടോ? നമ്മൾ ഓരോരുത്തരും അവരോട് കടപ്പെട്ടിരിക്കുന്നു. ഇത്തരം ഡ്രൈവർമാരാണ് നമ്മുടെ നിരത്തുകൾക്ക് ഇന്നാവശ്യം. അതുകൊണ്ടു തന്നെ നമ്മൾ അറിയിക്കുന്ന ഓരോ നന്ദി വാക്കുകളും, ഇത്തരം നന്മകൾ കൂടുതൽ ചെയ്യാൻ അവർക്കും , ഇത് കാണുന്ന മറ്റുള്ളവർക്കും പ്രചോദനമാണ്.
നന്ദി പറയാനുള്ള ഒരു മനസ്സുണ്ടെങ്കിൽ നമുക്ക് നമ്മുടെ നിരത്തുകളെ സമാധാനമുള്ള ഒരിടമാക്കി മാറ്റാൻ സാധിക്കും. നിരത്തിൽ നമുക്ക് ലഭിക്കുന്ന കരുതലുകൾ അതെത്ര ചെറുതാണെങ്കിലും, അവരോട് നന്ദി പറയുന്നത് ഒരു ശീലമാക്കുക. അത് ഒരു പുഞ്ചിരി കൊണ്ടാണെങ്കിലും... കൈ കൊണ്ടുള്ള ആംഗ്യ രൂപേണ ആണെങ്കിലും...
നിയമത്തിൻ്റെ അടിച്ചേൽപ്പിക്കലുകൾ ഇല്ലാത്ത, തികച്ചും മാനുഷികമായ ഇത്തരം സഹായ സഹകരണങ്ങളിലൂടെ , നിരത്തുകളിലെ പരസ്പര സഹകരണം വർദ്ധിപ്പിക്കുക, അതുവഴി നല്ലൊരു റോഡ് സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരള മോട്ടോർ വാഹന വകുപ്പ് കൊച്ചിൻ ഷിപ് യാർഡിൻ്റെ സഹകരണത്തോടെ ലോഞ്ച് ചെയ്ത കാമ്പയിൻ പ്രോഗ്രാം ആണ് "TSP campaign" അഥവാ Thanks-Sorry-Please കാമ്പയിൻ എന്നത്. നിരത്തുകളിൽ ഒരു TSP CULTURE രൂപപ്പെടുത്തുക എന്നതാണ് കാമ്പയിൻ മുന്നോട്ട് വെക്കുന്ന ആശയം. ഇതിൻ്റെ ഭാഗമായി ശ്രീ മുഹമ്മദ് അജ്മലിനെയും, ശ്രീ മുഷീറുദീനെയും കാമ്പയിൻ ടീ ഷർട്ടുകൾ നൽകി മലപ്പുറം എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ആദരിച്ചു.

