മോട്ടോർവാഹന ചെക്പോസ്റ്റുകൾ നോക്കുകുത്തി; അടച്ചുപൂട്ടണമെന്ന് വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്
text_fieldsകോഴിക്കോട്: ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കി സംസ്ഥാന അതിർത്തികളിലെ മോട്ടോർവാഹന ചെക്പോസ്റ്റുകൾ. നികുതി അടക്കാതെയും പെർമിറ്റ് എടുക്കാതെയും അനധികൃതമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളുടെ പരിശോധനക്കായി സ്ഥാപിച്ച മോട്ടോർവാഹന ചെക്പോസ്റ്റുകളാണ് നോക്കുകുത്തിയാവുന്നത്.
പെർമിറ്റ് ഉൾപ്പെടെയുള്ള നികുതികളോ മറ്റു ഫീസുകളോ ഈടാക്കുന്നതിനായി വാഹനങ്ങൾ നിർത്തിയുള്ള പരിശോധന പോലും നിലവിൽ ചെക്പോസ്റ്റുകളിൽ നടക്കുന്നില്ലെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് കണ്ടെത്തി. നിലവിലെ സാഹചര്യത്തിൽ ചെക്പോസ്റ്റുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് പകരം ചെക്പോസ്റ്റുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ 24 മണിക്കൂർ തുടർച്ചയായുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഏർപ്പെടുത്തണമെന്ന് വിദഗ്ധസംഘം ശിപാർശ ചെയ്തു. മോട്ടോർ വാഹനങ്ങളുടെ സേവനങ്ങൾ നൽകുന്നതിനും നികുതിയുൾപ്പടെ വിവിധ ഫീസുകൾ അടക്കുന്നതിനും സോഫ്റ്റ് വെയർ സംവിധാനങ്ങൾ നിലവിൽ വന്നതോടെ പല സംസ്ഥാനങ്ങളും മോട്ടോർവാഹന ചെക്പോസ്റ്റുകൾ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ വർഷം സംസ്ഥാനത്തെ മോട്ടോർവാഹന ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം കുറച്ചു. ഇപ്പോൾ 19 ചെക്പോസ്റ്റുകളും രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയുള്ള എട്ടു മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നത്. അവശേഷിക്കുന്ന 16 മണിക്കൂറും വാഹനങ്ങൾക്ക് സ്വതന്ത്രമായി യഥേഷ്ടം അതിർത്തി കടന്നെത്താം. ഈ സാഹചര്യത്തിൽ സ്ഥാപിത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ചെക്പോസ്റ്റുകൾ ഒട്ടും പര്യാപ്തമല്ലെന്നും വിദഗ്ധസംഘം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
നിയമലംഘനങ്ങൾ പൊതുവെ കൂടുതലായും നടക്കുന്നത് രാത്രി സമയങ്ങളിലാണ്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും കാമറകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതും ഈ സമയങ്ങളിലാണ്. ഈ സമയത്ത് ചെക്പോസ്റ്റുകൾ പ്രവർത്തിക്കാതെ പകൽ എട്ടു മണിക്കൂർ മാത്രം പ്രവർത്തിക്കുന്നതിൽ യുക്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. പകൽ പോലും നിയമലംഘനം നടത്തി വരുന്ന വാഹനങ്ങളെ കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചാൽ അധികൃതർക്ക് നോക്കിനിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ. അനധികൃതമായി എത്തുന്നവരെ പിന്തുടർന്ന് പരിശോധിക്കുന്നതിനുള്ള വാഹനസൗകര്യം പോലും ചെക്പോസ്റ്റുകളിൽ ഇല്ല. കൂടാതെ ലോഡുമായി ഇതര സംസ്ഥാനത്തുനിന്ന് വരുന്ന വാഹനങ്ങളുടെ ഭാരപരിശോധന നടത്താനുള്ള ഉപകരണങ്ങളും ചെക്പോസ്റ്റുകളിൽ കാലഹരണപ്പെട്ടിരിക്കുകയാണെന്നും വിദഗ്ധസംഘം കണ്ടെത്തി.
ചെക്പോസ്റ്റുകളുടെ പ്രവർത്തനത്തിനായി വകുപ്പിൽ പ്രത്യേക തസ്തികകൾ സൃഷ്ടിച്ചിരുന്നില്ല. മേഖല ഓഫിസുകളുടെ പരിധിയിലുള്ള ആർ.ടി, സബ് ആർ.ടി, ഓഫിസുകളിൽ നിന്നും എം.വി.ഐ, എ.എം.വി.ഐ, ഒ.എ വിഭാഗത്തിലുള്ള ജീവനക്കാരെ നിശ്ചിത കാലയളവിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നത്. നിലവിൽ എട്ടു ജില്ലകളിലായി 19 ചെക്ക് പോസ്റ്റുകളിൽ 46 പേരാണ് സേവനമനുഷ്ഠിക്കുന്നത്. ഇവരെ ഉൾപ്പെടുത്തി എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

