പിണറായി സർക്കാറിനെതിരായ അമ്മമാരുടെ കുറ്റപത്ര സമർപ്പണം തിങ്കളാഴ്ച എന്ന് മഹിള കോൺഗ്രസ്
text_fieldsഅഡ്വ. ജെബി മേത്തർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെതിരെയുള്ള അമ്മമാരുടെ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. ജനുവരി നാലിന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ച മഹിള സാഹസ് കേരളയാത്ര 138 ദിവസം പിന്നിട്ട് 14 ജില്ലകളിലെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലുമുള്ള 1474 മണ്ഡലം കേന്ദ്രങ്ങളിൽ പര്യടനം നടത്തി വീട്ടമ്മമാരിൽ നിന്നും ശേഖരിച്ച് കുറ്റപത്രമാണ് സമർപ്പിക്കുക.
രാവിലെ 10.30ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന അമ്മമാരുടെ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ദേശീയ- സംസ്ഥാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് ജെബി മേത്തർ അറിയിച്ചു.
സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും പെരുമ്പളം ദ്വീപിലുമടക്കം എല്ലാ പഞ്ചായത്തുകളിലും സാഹസ് യാത്ര എത്തിച്ചേർന്ന് സ്ത്രീകളുമായി സംവദിച്ചിരുന്നു. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ് സാഹസ് യാത്ര സഞ്ചരിച്ചത്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണ് ഇത്രയും സുദീർഘമായ ഒരു രാഷ്ട്രീയ യാത്ര നടക്കുന്നത്. സ്ത്രീവിരുദ്ധ മുഖമുള്ള പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നും നീക്കണമെന്ന വികാരമാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾ രാഷ്ട്രീയ ഭേദമന്യേ പ്രകടിപ്പിച്ചതെന്നും ജെബി മേത്തർ പറഞ്ഞു.
സമൂഹത്തെയും കുടുംബങ്ങളെയും ദോഷമായി ബാധിക്കുന്ന രാസലഹരി അടക്കമുള്ള ലഹരി പദാർഥങ്ങൾക്കെതിരായ ജനകീയ മുന്നേറ്റവും ഈ യാത്രയിൽ സൃഷ്ടിക്കപ്പെട്ടു. എല്ലാ സ്വീകരണം കേന്ദ്രങ്ങളിലും 'ലഹരിക്കെതിരെ അമ്മമാർ പോരാളികൾ' എന്ന പ്ലക്കാർഡ് ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ജാഥയുടെ ഭാഗമായി നടന്നു.
സ്ത്രീപീഡനം, ലഹരി മാഫിയയുടെ താണ്ഡവം, ക്രിമിനൽ പൊലീസ്, ലൈഫ് മിഷൻ അപാകത, എസ്.എഫ്.ഐ ഗുണ്ടായിസം, ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ, ആശാവർക്കർമാരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളടങ്ങുന്ന 41 ഇനകുറ്റപത്രമാണ് സമർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

