അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവം: മകനെ വിട്ടയച്ചു; കൊലപാതക സാധ്യതയില്ലെന്ന്
text_fieldsകൊച്ചി: അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ മകനെ പൊലീസ് വിട്ടയച്ചു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത മകനെ വൈകീട്ടോടെയാണ് വിട്ടയച്ചത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് കണ്ടെത്തി.
കൊച്ചി വെണ്ണല സെൻറ് മാത്യൂസ് ചർച്ച് റോഡ് നെടിയാട്ടിൽ ലെയ്നിൽ നെടിയാട്ടിൽ വീട്ടിൽ പരേതനായ പീതാംബരന്‍റെ ഭാര്യ അല്ലിയുടെ (72) മൃതദേഹമാണ് മകൻ പ്രദീപ് വ്യാഴാഴ്ച പുലർച്ചെ 6.15ഓടെ കുഴിച്ചുമൂടിയത്. മദ്യലഹരിയിലാണ് സ്വന്തം നിലക്ക് കുഴിയെടുത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മയുടെ മൃതദേഹം മുറ്റത്തുകിടത്തി സമീപത്ത് പ്രദീപ് കുഴികുത്തുന്നതു കണ്ട അയൽവാസി വിവരമറിയിച്ചതനുസരിച്ച് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെത്തുകയായിരുന്നു. ഇതിനിടെ മൃതദേഹം മണ്ണിട്ട് മൂടിയിരുന്നു. കാലുകൾ പുറത്തായിരുന്നു. അസോ. ഭാരവാഹികൾ അറിയിച്ചതനുസരിച്ച് പാലാരിവട്ടം പൊലീസ് എത്തി.
തുടർന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും ദേഹത്ത് അസാധാരണമായി മുറിവുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പാലാരിവട്ടം സി.ഐ അറിയിച്ചു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അമ്മ രാത്രി മരിച്ചെന്നാണ് ഇയാൾ മറുപടി നൽകിയത്. പൊലീസ് കസ്‌റ്റഡിയിൽ എടുക്കുമ്പോഴും പ്രദീപിന് ഭാവഭേദങ്ങളില്ലായിരുന്നു.
രാത്രിയിലോ പുലർച്ചെയോ മരിച്ചതാവാമെന്നാണ് നിഗമനം. ഗുരുതര പ്രമേഹബാധിതയായിരുന്ന ഇവരുടെ ഇരുകാലിലും പഴുപ്പ് ബാധിച്ച് വ്രണം നിറഞ്ഞിരുന്നു. കഴിഞ്ഞദിവസവും അല്ലിയെ മകൻ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയതായി അയൽവാസികൾ പറയുന്നു.
മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് വെണ്ണലയിൽ ടയർ കട നടത്തുന്ന പ്രദീപത്രെ. ഇതുമൂലം ഭാര്യയും രണ്ട് മക്കളും ഇടക്കിടെ പിണങ്ങി സ്വന്തം വീട്ടിൽ പോകും. അല്ലിയും പ്രദീപും മാത്രമേ പലപ്പോഴും വീട്ടിലുണ്ടാകാറുള്ളൂവെന്ന് വെണ്ണല ഡിവിഷൻ കൗൺസിലർ സി.ഡി. വത്സലകുമാരി പറഞ്ഞു. അല്ലിക്ക് പ്രീതിയെന്ന മകൾ കൂടിയുണ്ട്. മൃതദേഹം പ്രീതിയുടെ കങ്ങരപ്പടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കാക്കനാട് ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

