ലഹരിക്കടത്തിന് കുട്ടിയെ ഉപയോഗിച്ചിട്ടില്ലെന്ന് മാതാവ്; ഭർത്താവിനെതിരെ പൊലീസ് പരാതി എഴുതിവാങ്ങി; തിരുവല്ല എം.ഡി.എം.എ കേസിൽ ട്വിസ്റ്റ്!
text_fieldsപത്തനംതിട്ട: തിരുവല്ല ലഹരിക്കടത്ത് കേസിൽ വഴിത്തിരിവ്. ലഹരിക്കടത്തിന് പത്തു വയസ്സുകാരനായ കുട്ടിയെ ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിയുടെ ഭാര്യ വെളിപ്പെടുത്തി.
കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് പരാതി നൽകാൻ പൊലീസാണ് നിർദേശം നൽകിയത്. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈ.എസ്.പി വാർത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നും മാതാവ് ആരോപിക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരാതി എഴുതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി. കുട്ടിയുടെ മാതാവും പിതാവും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. മാതാവ് വിവാഹ മോചനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
എം.ഡി.എം.എ പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് വില്‍പന നടത്തിയെന്ന കേസിൽ തിരുവല്ല സ്വദേശിയാണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ലഹരി വില്‍പനക്കിടെ പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. മകന്റെ ശരീരത്തില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ ഒട്ടിച്ചശേഷം കുട്ടിയുമായി കാറിലോ ബൈക്കിലോ വില്‍പനക്കു പോവുകയായിരുന്നു പ്രതിയുടെ പതിവ്.
എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നുമാത്രമാണ് കുട്ടി മനസ്സിലാക്കിയിരുന്നത്. എറണാകുളത്തുനിന്ന് എത്തിക്കുന്ന എം.ഡി.എം.എ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നതെന്നും ഡിവൈ.എസ്.പി. എസ്. അഷാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഭാർത്താവിനെതിരായ പരാതി പൊലീസ് നിർബന്ധിച്ച് എഴുതി വാങ്ങിയതെന്ന് യുവതി പറയുന്നു. പൊലീസ് ഞായറാഴ്ച പുറത്തിറക്കിയ പരാതിയിൽ മകനെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാമർശം ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിരുവല്ല പൊലീസിനെതിരെ പ്രതിയുടെ ഭാര്യ രംഗത്തുവരുന്നത്. സംഭവത്തിൽ ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

