സൈനികന്‍റെ മരണം പൊലീസ് മർദനം മൂലമെന്ന് മാതാവ്; സി.സി.ടി.വി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി, അടിസ്ഥാനരഹിതമെന്ന് പൊലീസ്
text_fieldsമരിച്ച സൈനികൻ തോംസൺ തങ്കച്ചന്‍റെ ചിത്രവുമായി മാതാവ് ഡെയ്സി മോൾ
കുണ്ടറ (കൊല്ലം): സൈനികന്റെ മരണം പൊലീസ് മർദനം മൂലമാണെന്ന പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മാതാവ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. മകൻ തോംസൺ തങ്കച്ചനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത ദിവസത്തെ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കാൻ മുളവന പള്ളിമുക്ക് സാജൻ കോട്ടേജിൽ ഡെയ്സി മോൾ ആണ് അപേക്ഷ നൽകിയത്.
2024 ഡിസംബർ 27നാണ് തോംസൺ തങ്കച്ചനെ (32) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെയും വീട്ടുകാരുടെയും പരാതിയിലാണ് കുണ്ടറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ വെച്ച് തോംസണെ പൊലീസ് ക്രൂരമായി മർദിച്ചെന്നും തുടർന്ന് ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച ക്ഷതത്തെ തുടർന്നാണ് മരണമെന്നുമാണ് മാതാവിന്‍റെ പരാതി.
റിമാൻഡിന് മുമ്പ് താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ കൈയിലും തലയിലും മുറിവുകളും മുഖത്തെ നീരും രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനിൽ വെച്ച് കാൽപാദത്തിൽ അടിച്ചെന്നും തോക്ക് കൊണ്ട് പിറകിൽ ഇടിച്ചെന്നും ലാത്തികൊണ്ട് തലക്ക് അടിച്ചെന്നും മാതാവ് ആരോപിച്ചു.
അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കുണ്ടറ പൊലീസ് പ്രതികരിച്ചു. ഭാര്യയെ മർദിച്ചെന്ന ഭാര്യവീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ജയിലിൽ റിമാൻഡിൽ ആയിരുന്നപ്പോൾ തന്നെ അനാരോഗ്യവും അവശതയും കാരണം ജില്ല ആശുപത്രിയിൽ കിടത്തിച്ചികിത്സ നൽകിയിട്ടുണ്ട്.
അമിത മദ്യപാനത്തെ തുടർന്ന് പാൻക്രിയാസ്, പിത്തസഞ്ചി എന്നിവക്ക് ഗുരുതര രോഗം ബാധിച്ചിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്. പൊലീസിനെ അപകീർത്തിപ്പെടുത്താനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കുണ്ടറ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

