ആ അമ്മ മകന്റെ പിതൃത്വം തെളിയിച്ചു, 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ
text_fieldsവൈത്തിരി (വയനാട്): നിരവധി പ്രതിസന്ധികളെ അതിജീവിച്ച് 11 വർഷം നീണ്ട ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ, വയനാട് സുൽത്താൻ ബത്തേരി താലൂക്കിലെ പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽപ്പെട്ട യുവതി തന്റെ മകന്റെ ജനന സർട്ടിഫിക്കറ്റിൽ പിതൃത്വം വിജയകരമായി സ്ഥാപിച്ചെടുത്തു. ആദിവാസി വിഭാഗങ്ങൾക്കുനേരെ നടക്കുന്ന വ്യവസ്ഥാപിതമായ ചൂഷണങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി ഹൈകോടതി വിധി. കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് യുവതിയുടെ നീണ്ട നിയമപോരാട്ടം ആരംഭിക്കുന്നത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പിതാവില്ലാത്തതിനാൽ ആധാർ കാർഡ് ലഭിക്കാതിരിക്കുകയും വർഷങ്ങളോളം കുട്ടിക്ക് വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കപ്പെട്ട യുവതി കുട്ടിയുടെ പിതാവിന്റെ പേര് വെളിപ്പെടുത്തുക വഴി അയാളുടെ ഡി.എൻ.എ പരിശോധനയിൽ പിതാവാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ പ്രതി തയാറായില്ലെന്ന് മാത്രമല്ല യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാൾ യുവതിയിൽനിന്ന് പലപ്പോഴായി ഒരു ലക്ഷത്തിലധികം രൂപ കൈവശപ്പെടുത്തിയതായും കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. കുട്ടിയുടെ പിതാവിന്റെ പേര് തങ്കപ്പൻ എന്നായിരുന്നെങ്കിലും ഇയാളും കുടുംബവും ചേർന്ന് തങ്ങളെ കടുത്ത ഭീഷണിക്ക് ഇരയാക്കുകയും കുട്ടിയുടെ പിതാവിന്റെ പേര് ‘ബിജു’എന്ന് വ്യാജമായി രേഖപ്പെടുത്തുകയും ചെയ്തതായി യുവതി വ്യക്തമാക്കി.
ഇപ്പോൾ, ബ്രിജേഷ് എൻ. ബാലകൃഷ്ണൻ എന്ന വക്കീൽ മുഖേന നടത്തിയ കേസിൽ കേരള ഹൈകോടതി നടത്തിയ നിർണായക വിധിയെ തുടർന്ന്, തങ്കപ്പന്റെ പേര് നിയമപരമായി പിതാവിന്റെ സ്ഥാനത്ത് ചേർത്തു. ഇതോടെ കുട്ടിക്ക് സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ഉടൻ ലഭിക്കുകയും അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ഉറപ്പാക്കാൻ സാധിക്കുകയും ചെയ്തു. ‘എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാതെ ഞാൻ തളർന്നുപോയതും ആശയക്കുഴപ്പത്തിലായതുമായ നിമിഷങ്ങളുണ്ടായിരുന്നു. ഒടുവിൽ, നീതി നടപ്പായി’-കോടതി വിധിക്ക് ശേഷം യുവതി പറഞ്ഞു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജില്ലയിലെ ട്രൈബൽ വകുപ്പിൽനിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. അമ്മയായ യുവതിയുടെ പോരാട്ടത്തിന് എല്ലാവിധ സഹായങ്ങളും നൽകിയത് വയനാട്ടിലെ ആദിവാസി പ്രവർത്തക ഡോ. അമ്മിണി കെ. വയനാട് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

