ആ ഉമ്മ വിടവാങ്ങി; മകെൻറ മോചനത്തിന് കാത്തുനിൽക്കാതെ
text_fieldsവേങ്ങര (മലപ്പുറം): ഊണിലും ഉറക്കത്തിലും മകനെ അന്വേഷിച്ച ആ ഉമ്മ അവസാനം കണ്ണടച്ചത് മകനെക്കാണാതെ. അന്ത്യനിമിഷങ്ങളിൽ മകൻ അരികത്തുവേണമെന്ന ഉമ്മയുടെ ആശയും കിനാവായി പൊലിഞ്ഞു. യു.പി പൊലീസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പെൻറ മാതാവ് ഖദീജക്കുട്ടി(91) യാണ് മകനെ അവസാനമായി ഒരുനോക്ക് കാണാനാവാതെ അന്ത്യശ്വാസം വലിച്ചത്.
അവസാന ദിവസങ്ങളിലും മകനെ അന്വേഷിച്ച ഉമ്മക്ക് നൽകാൻ മറ്റു മക്കളുടെ കണ്ണുനീർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കണ്ണമംഗലം പൂച്ചോലമാട്ടിലെ സിദ്ദീഖിെൻറ വീട്ടിൽ രോഗത്തിെൻറ പിടിയിലമർന്ന് അവശയായി കഴിയുമ്പോഴും ഉമ്മ അന്വേഷിച്ചിരുന്നത് മകെൻറ ജയിലിൽനിന്നുള്ള തിരിച്ചുവരവ് മാത്രം. വിവിധ രോഗങ്ങളാല്‍ അലട്ടിയ ഖദീജക്കുട്ടി മാസങ്ങളായി കിടപ്പിലായിരുന്നു. മാസങ്ങൾക്കു മുമ്പ് പരോളിൽ പൊലീസ് ബന്തവസ്സിൽ വീട്ടിലെത്തി അഞ്ചുദിവസം തങ്ങി കാപ്പൻ ജയിലിലേക്ക് മടങ്ങുമ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവരന്വേഷിച്ചത് ഇനിയെന്ന് എന്ന ചോദ്യമായിരുന്നു.
യു.പിയിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്ത് വാര്‍ത്താശേഖരണാര്‍ഥം പോവുന്നതിനിടെ യു.പി മഥുര പൊലീസാണ് സിദ്ദീഖ് കാപ്പന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. സിദ്ദീഖ് കാപ്പന് ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കാന്‍ ആദ്യം ചുമത്തിയ കേസ് തെളിവില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം മഥുര കോടതി തള്ളിയിരുന്നു. യു.എ.പി.എ ഉള്‍പ്പെടെ കേസുകള്‍ ചുമത്തിയതിനാല്‍ കാപ്പൻ ജയിലില്‍ തുടരുന്നതിനിടെയാണ് മാതാവിെൻറ മരണം. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി കാപ്പൻ. മറ്റു മക്കള്‍: ഹംസ, ഫാത്തിമ, ആയിശ, മറിയമ്മു, ഖദിയമ്മു, അസ്മാബി. മരുമക്കള്‍: സുബൈദ, റൈഹാനത്ത്, മുഹമ്മദ്, മുഹമ്മദ് കുട്ടി, അലവി, ഹംസ, ബഷീര്‍.