ഒന്നര വയസ്സുകാരെൻറ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
text_fieldsകട്ടപ്പന: ഉപ്പുതറയിലെ ഒന്നര വയസ്സുകാരെൻറ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കോട്ടയം അയർക്കുന്നം നിരവേലിൽ കുന്തംചാരിയിൽ ജോയിയുടെ ഭാര്യ റോളിയെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ജോയിയുടെയും റോളിയുടെയും രണ്ടാമത്തെ കുട്ടി അലക്സിനെ (ഒന്നര) കട്ടിലിൽനിന്ന് വീണതാണെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 18ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.
അസ്വഭാവികത തോന്നിയതിനാൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. കുട്ടി മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ പിതാവിെൻറ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റോളി കുട്ടിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.
കോട്ടയം അയർക്കുന്നം സ്വദേശികളായ ദമ്പതികൾ റോളിയുടെ സഹോദരെൻറ വീട് പണിക്കായാണ് ഉപ്പുതറ പുതുക്കടയിലെത്തിയത്. റോളി നാളുകളായി മനോരോഗത്തിന് ചികിത്സയിലായിരുന്നു. കൊലപാതകം നടന്ന സമയം പിതാവ് ജോയി പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് കുട്ടി കട്ടിലിൽനിന്ന് വീണ് ബോധമില്ലെന്ന് റോളി പറയുന്നത്. ഉപ്പുതറ എസ്.ഐ എസ്. കിരണിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
