നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ
text_fieldsറാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നിയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി ബ്ലെസി(21)യെ പൊലീസ് അറസ്റ്റ് ചെയ്തു. 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.
പൊലീസെത്തി അമ്മ ബ്ലെസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. കഴിഞ്ഞ എട്ടാം തിയതിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ തലയിൽ ക്ഷതമുണ്ടായിരുന്നു. ഇതിൽ സംശയം തോന്നി പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു.
ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ ബ്ലെസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടായിരുന്നതായും രാത്രിയിൽ നിർത്താതെ കരഞ്ഞിരുന്നുവെന്നും ബ്ലെസി പോലീസിനോടു പറഞ്ഞു.
ഇതിൽ ദേഷ്യം തോന്നി റാന്നി പഴവങ്ങാടിയിലെ വീടിന്റെ ഭിത്തിയിൽ കുഞ്ഞിന്റെ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബ്ലെസി പൊലീസിന് നൽകിയ മൊഴി. ബ്ലെസിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും.

