മകൾ സുഹൃത്തുക്കൾക്കൊപ്പം രാത്രി പുറത്ത് പോയി; തിരിച്ചെത്തിയപ്പോൾ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു, അമ്മ കൈകൾ പിടിച്ചുവെച്ചു; ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങി
text_fieldsആലപ്പുഴ: ഓമനപ്പുഴയിൽ രാത്രി സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ അച്ഛന് പിന്നാലെ അമ്മയെയും പ്രതി ചേർത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജോസ്മോനെ (ഫ്രാൻസിസ് -53)യും മാതാവ് ജെസി മോളെയും മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ കഴുത്ത് മുറുക്കിയപ്പോൾ അമ്മ എയ്ഞ്ചലിന്റെ കൈകൾ പിടിച്ചുവെച്ചുവെന്നാണ് പൊലീസ് കേസ്. അമ്മാവൻ അലോഷ്യസിനെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്.
എയ്ഞ്ചൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി സ്കൂട്ടറിൽ പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഫ്രാൻസിസ് മൊഴി നൽകിയത്. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാത്രി പുറത്തേക്ക് പോകുന്ന എയ്ഞ്ചൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്ന് പ്രദേശവാസികൾ പറയുന്നു. പലതവണ ഇക്കാര്യത്തിൽ പിതാവ് ഇവരെ വിലക്കിയിരുന്നുവെന്നാണ് വിവരം. എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ നാട്ടുകാരിൽ ചിലർ ഫ്രാൻസിസിനോട് സംസാരിച്ചിരുന്നുവത്രെ.
ചൊവ്വാഴ്ച രാത്രി 10.30ന് പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചിരുന്നു. വീടിന് പുറത്തിറങ്ങിയ യുവതിയോട് അകത്തുകയറാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. വീട്ടിലുണ്ടായിരുന്ന പ്രായമായ അപ്പൂപ്പനെ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തത് ചോദ്യംചെയ്ത അച്ഛനുമായി വഴക്കുണ്ടാക്കി. തുടർന്നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്ത് ഞെരിച്ച് തോർത്തിട്ടു മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ എയ്ഞ്ചലിന്റെ കൈകൾ മാതാവ് പിടിച്ചുവെച്ചതായും പൊലീസ് പറയുന്നു. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. മകൾ നിസാര കാര്യത്തിനുപോലും വീട്ടിലുള്ളവരെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവത്രെ.
കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് വീടിനോട് ചേർന്നുള്ള ഷെഡിനു മുകളിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. ബുധനാഴ്ച രാവിലെ ആറിന് വീട്ടിൽനിന്നുള്ള കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ എയ്ഞ്ചൽ മരിച്ചുകിടക്കുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തെന്നാണ് അയൽവാസികളെയും ബന്ധുക്കളെയും ആദ്യം അറിയിച്ചത്. തുടർന്ന് ബന്ധുക്കളടക്കം വീട്ടിലെത്തി പരിശോധിച്ചപ്പോൾ കട്ടിലിലെ തലയിണയിൽനിന്ന് അൽപം മാറിയാണ് മൃതദേഹം കിടന്നത്. ചെട്ടികാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മരണവിവരം വാർഡ് അംഗം ഇമ്മാനുവലാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയപ്പോൾ യുവതിയുടെ കഴുത്തിൽ ചെറിയ പാടുകൾ ശ്രദ്ധയിൽപെട്ടു. ഇത് സംശയത്തിന് ഇടയാക്കി. ഇതിനുപിന്നാലെ പിതാവിനെയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആത്മഹത്യയെന്ന നിഗമനത്തിൽ മൃതദേഹം മറവുചെയ്യാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിവരം നാട്ടുകാരും അയൽവാസികളും അറിയുന്നത്.
ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രി ലാബ് ടെക്നീഷ്യനാണ് എയ്ഞ്ചൽ. രണ്ടുവർഷം മുമ്പ് തുമ്പോളി സ്വദേശിയുമായിട്ടായിരുന്നു വിവാഹം. എട്ടുമാസമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ തർക്കവും ബഹളവും പതിവാണ്. ഓട്ടോഡ്രൈവർ കൂടിയായ ജോസ്മോന്റെ രണ്ടാമത്തെ മകളാണ്. മൂത്തമകൾ ബെയ്സിയെ നേരത്തേ വിവാഹം കഴിച്ച് അയച്ചിരുന്നു. മാതാവ്: സിന്ധു.
ആലപ്പുഴ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച ഓമനപ്പുഴ സെന്‍റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പ്രഹിൻ (മനു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

