സയനൈഡ് കഴിച്ച് അമ്മയും മകളും ജീവനൊടുക്കി, കൊടിയ ഗാർഹിക പീഡനമെന്ന് ആത്മഹത്യാകുറിപ്പ്; യുവാവ് മുംബൈയിൽ പിടിയിൽ
text_fieldsതിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് പിടിയിൽ. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൂന്തുറ പൊലീസ് മുംബൈയിലെത്തി ഇയാളെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ ആത്മഹത്യാകുറിപ്പിൽ പരാമര്‍ശമുണ്ടായിരുന്നു. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് കമലേശ്വരം സ്വദേശികളായ എസ്.എൽ സജിതയെയും മകൾ ഗ്രീഷ്മ എസ്. രാജിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യക്ക് കാരണം മകളുടെ ഭർത്താവായ ഉണ്ണികൃഷ്‌ണനാണെന്ന വാട്സാപ്പ് സന്ദേശം സജിത മരിക്കും മുമ്പ് ബന്ധുക്കൾക്ക് അയച്ചിരുന്നു. ആറുവർഷത്തെ മാനസിക പീഡനവും അപമാനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്.
അതേസമയം, സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹതയുണ്ട്. ആന്തരികാവയവങ്ങളുടെ സൂക്ഷ്മ പരിശോനക്ക് ശേഷമെ മരണകാരണം ഉറപ്പിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്. സജിതയുടെ ഭർത്താവും മുൻ കൃഷി ഓഫിസറുമായ രാജീവ് ഒരുമാസം മുമ്പാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സജിതയുടെയും ഗ്രീഷ്മയുടെയും മൃതദേഹം മുട്ടത്തറ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

