ഏറ്റവും കൂടുതൽ ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റുകൾ: റെക്കോഡുമായി ദമ്പതികൾ
text_fieldsനിമിഷ, ജിഹാദ് യാസിർ
മുക്കം: ഏറ്റവും കൂടുതൽ ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റ് നേടിയതിനുള്ള ലോക റെക്കോഡ് സ്വന്തമാക്കി ചേന്ദമംഗലൂരിലെ ദമ്പതികൾ. ചേന്ദമംഗലൂർ ചേന്ദാംകുന്നത്ത് ജിഹാദ് യാസിറും ഭാര്യ നിമിഷയുമാണ് നേട്ടം കൈവരിച്ചത്.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റ് നേടിയാണ് ജിഹാദ് യാസിർ ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. 60 ദിവസംകൊണ്ട് 367 സർട്ടിഫിക്കറ്റ് എന്നതായിരുന്നു നിലവിലെ ലോക റെക്കോഡ്. എന്നാൽ, മൂന്നു ദിവസംകൊണ്ട് 415 സർട്ടിഫിക്കറ്റ് നേടി ചരിത്രം കുറിച്ചിരിക്കുകയാണ് യാസിർ.
ഭാര്യ നിമിഷയാകട്ടെ 24 മണിക്കൂറിൽ 151 കോഴ്സ് സർട്ടിഫിക്കറ്റ് നേടി. 24 മണിക്കൂറിൽ 140 സർട്ടിഫിക്കറ്റ് എന്ന നിലവിലെ റെക്കോഡ് ആണ് നിമിഷ തിരുത്തിയത്.
തൃശൂർ വിമല കോളജിലെ ഗവേഷണ വിദ്യാർഥിയായ ജിഹാദ് യാസിറിന് കേന്ദ്ര സാമൂഹികനീതി വകുപ്പിൻെറ ഡോ. അംബേദ്കർ ഡോക്ടറൽ ഫെല്ലോഷിപ്പുണ്ട്. നിമിഷ നിംഹാൻസ് ബംഗളൂരുവിൽ ഉദ്യോഗസ്ഥയാണ്. ചേന്ദാംകുന്നത്ത് യാസിർ- റുഖിയ ദമ്പതികളുടെ മകനാണ് ജിഹാദ് യാസിർ. ഇഷാൻ യാസിർ, ഇഷാൽ യാസിർ എന്നിവർ മക്കളാണ്.

