ക്ഷേത്ര വരുമാനം ഏറെയും അധഃസ്ഥിതരുടേത്; പുരോഗതി ഉണ്ടാകുന്നത് കുത്തക സമുദായങ്ങൾക്ക് -സ്വാമി സച്ചിദാനന്ദ
text_fieldsതിരുവനന്തപുരം: ക്ഷേത്രവരുമാനം ഉപയോഗിച്ച് കുത്തക സമുദായങ്ങൾ മാത്രം പുരോഗതി പ്രാപിക്കുന്നതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ക്ഷേത്രങ്ങളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് അധഃസ്ഥിതരുടേതാണ്. ഇതുപയോഗിച്ച് ചില കുത്തക സമുദായങ്ങൾ മാത്രം പുരോഗതി പ്രാപിക്കുകയും സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. തുല്യ സാമൂഹികനീതിക്കുള്ള നടപടി ഗവൺമെന്റും ദേവസ്വം ബോർഡും കൈക്കൊള്ളണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ആചാര പരിഷ്‌കരണ യാത്രയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സമുദായങ്ങൾ ബോർഡിന്റെ അധികാര സ്ഥാനങ്ങൾ കുത്തകയാക്കുകയും ബഹുഭൂരിപക്ഷം അധഃസ്ഥിത പിന്നാക്കവിഭാഗങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയുമാണുള്ളത്. ജനസംഖ്യാനുപാതികമായി ജോലി നൽകണം. ചുരിദാർ ധരിച്ചുവരുന്ന സ്ത്രീകളോട് അതിനുമേലെ, പലയാളുകൾ ഉടുത്തുമുഷിഞ്ഞ മുണ്ടുകൂടി ഉടുക്കണമെന്ന് നിഷ്‌കർഷിക്കുന്ന ദുരാചാരം ചില ക്ഷേത്രങ്ങളിലുണ്ട്. ഇത് പരിഷ്കരിക്കണം.
ഉടുപ്പഴിച്ചേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്നതാണ് പരമ്പരാഗത ക്ഷേത്രവിശ്വാസം. ശുഭ്രവസ്ത്രം ധരിച്ച് ശുചിത്വത്തോടെ വരുന്ന ഏതൊരാൾക്കും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന തീരുമാനം ദേവസ്വം ബോർഡിൽ നിന്നുണ്ടാവണം. ക്ഷേത്രങ്ങളിൽ കരിയും (ആന) കരിമരുന്ന് പ്രയോഗവും വേണ്ടെന്ന് ഗുരുദേവൻ പറഞ്ഞതാണ്. അടുത്തകാലത്ത് കോടതികൾ ഗുരുവിന്റെ ഈ നിർദേശം അംഗീകരിച്ചു.
ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിൽ ആനയും വെടിക്കെട്ടും ഒഴിവാക്കി വിജ്ഞാന വർധനക്ക് പര്യാപ്തമായ മിതവ്യയത്തോടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണം. ഗുരുദേവൻ പറഞ്ഞതുപോലെ ക്ഷേത്രത്തിൽ പിരിഞ്ഞുകിട്ടുന്ന തുക സാമാന്യ ജനത്തിന്റെ ഭൗതികവും ആധ്യാത്മികവുമായ വളർച്ചക്ക് പ്രയോജനപ്പെടുത്തണം. വ്യാസനും വസിഷ്‌ഠനും ശങ്കരാചാര്യരുമൊക്കെ എഴുതിയ സ്തോത്രങ്ങൾ ക്ഷേത്രങ്ങളിൽ ആലപിക്കുമ്പോൾ ഇവർക്കൊപ്പമുള്ള ശ്രീനാരായണഗുരു എഴുതിയ ദൈവദശകം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആലാപിക്കരുതെന്ന അയിത്തം നിലനിൽക്കുന്നു.
ഭക്തരായ സ്ത്രീകൾ ക്ഷേത്രങ്ങളിൽ ദൈവദശകം ആലപിച്ചപ്പോൾ വലിയ ബഹളങ്ങളുണ്ടായി. ക്ഷേത്രങ്ങളോട് ചേർന്ന് മതപാഠശാലകൾ സ്ഥാപിച്ച് ഗുരുദേവനടക്കമുള്ള മഹാഗുരുക്കന്മാരെഴുതിയ സദ്‌ഗ്രന്ഥങ്ങൾ പഠിപ്പിക്കണം. ഗുരുധർമ പ്രചാരണസഭ ഏറ്റെടുത്തിട്ടുള്ള ദൗത്യം കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

