‘ഓസിന്’ കുടിയും ആഘോഷങ്ങളുമായി തലസ്ഥാനജില്ലയിലെ ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരും
text_fieldsതിരുവനന്തപുരം: തലസ്ഥാനജില്ലയിലെ ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ-ഭൂമാഫിയയുടെ ചങ്ങാത്തത്തിൽ തിന്നും കുടിച്ചും ആസ്വദിക്കുകയാണെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തന്നെയാണ് ഇക്കാര്യങ്ങൾ വ്യക്തമായതും. സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് ഡിവൈ.എസ്.പിമാരും സി.ഐയും എസ്.ഐയുമെല്ലാം ഇത്തരത്തിൽ ഗുണ്ടാസംഘങ്ങളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഗുണ്ടാ, റിയൽ എസ്റ്റേറ്റ് മാഫിയക്കെതിരെ നീതി തേടി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതി വിവരങ്ങൾ ഈ സംഘങ്ങൾക്ക് ചോർത്തി നൽകുന്നവരും പൊലീസിൽ സജീവമാണെന്ന് കാര്യങ്ങൾ വ്യക്തമാകുന്നു.
കഴിഞ്ഞദിവസം സസ്പെൻഷനിലായ തിരുവല്ലം മുൻ എസ്.ഐ കെ.എ. സതീഷിനെതിരെയുള്ള റിപ്പോർട്ടിൽ പല വിവരങ്ങളും ഇയാൾ ഗുണ്ടാനേതാവ് ഓംപ്രകാശിന് ചോർത്തിക്കൊടുത്തെന്നും അതിന്‍റെ അടിസ്ഥാനത്തിൽ ഗുണ്ടാസംഘങ്ങൾ പരാതിക്കാരുടെ വീടാക്രമിച്ച് ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കുന്നുണ്ട്. അതിന് പുറമെ പല കേസുകളിലും പ്രതികൾക്കായി പൊലീസ് ഒത്തുകളി നടത്തുന്നെന്ന ആക്ഷേപവും ശക്തമാണ്.
തലസ്ഥാന നഗരത്തിലെ മൂന്ന് പൊലീസ് സ്റ്റേഷനുകൾക്കെതിരായാണ് പ്രധാനമായും ആക്ഷേപം. മ്യൂസിയം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് പ്രധാനമായും നിരവധി പരാതികൾ ഉയരുന്നത്. തലസ്ഥാനത്തെ പലയിടങ്ങളിലായി ഗുണ്ടകൾ നടത്തിയ മദ്യസൽക്കാരങ്ങളിൽ നിരന്തരം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതായും ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക മുറികൾ അനുവദിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാസപ്പടിയും ഇവർക്ക് ലഭിക്കുന്നുണ്ട്. ചില സ്റ്റേഷനുകളിൽ ജോലി ലഭിക്കാൻ പ്രത്യേകതാൽപര്യമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സ്വന്തം മകളുടെ ജന്മദിന പാർട്ടിക്ക് പോലും ഗുണ്ടാസംഘങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്ന പൊലീസുകാരാണ് തലസ്ഥാനത്തുള്ളതെന്ന നിലയിലാണ് വിവരങ്ങൾ.
ഡിവൈ.എസ്.പി കെ.ജെ. ജോൺസന്‍റെ സസ്പെൻഷൻ ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിട്ടുമുണ്ട്. അതിന് പുറമെയാണ് ഗുണ്ടാ-റിയൽ എസ്റ്റേറ്റ് മാഫിയകൾ തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ പോലും ഇടനിലക്കാരായി പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങളും. ഇതെല്ലാം തലസ്ഥാനത്തെ പൊലീസുകാർക്കാകെ നാണക്കേടുണ്ടാക്കുന്നതാണ്.
തലസ്ഥാനത്തെ നല്ലൊരു വിഭാഗം പൊലീസുകാർ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും നഗരത്തിലെ ഓട്ടോകളിൽ നല്ലൊരു ഭാഗത്തിന്‍റെ ഉടമസ്ഥർ പൊലീസുകാരാണെന്നുമുള്ള വിവരങ്ങളുമുണ്ട്. പൊലീസുമാർ മറ്റ് ബിസിനസുകളിൽ ഏർപ്പെടുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടും അതിന് പുല്ലുവില കൽപ്പിക്കുന്ന നിലയിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

