സുജിത്തിനെതിരെ ചുമത്തിയ കേസുകളിൽ ഭൂരിഭാഗവും രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായുള്ളത്; വിശദാംശങ്ങൾ പുറത്ത്
text_fieldsതൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ ചുമത്തിയ കേസുകളിൽ ഭൂരിഭാഗവും രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായുള്ളതാണെന്ന് വ്യക്തമാവുന്നു.
തനിക്കെതിരെ നിലവിലുള്ളത് ക്രിമിനൽ കേസുകളല്ലെന്നും കോവിഡ് കാലത്തും ശേഷവും നടത്തിയ രാഷ്ട്രീയസമരങ്ങളുടെ പേരിലാണ് കേസുകളെന്നും സുജിത്ത് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. 2018നും 2024നും ഇടയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുവഴി തടസ്സപ്പെടുത്തൽ, കോവിഡ് മാനദണ്ഡലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ചില എഫ്.ഐ.ആറുകളിൽ സുജിത്തിന്റെ പേര് പോലുമില്ല ‘തിരിച്ചറിയാവുന്നവരിൽ ഒരാൾ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേർന്നുവെന്ന കേസുകളിലെ പ്രതിപ്പട്ടികയിലും പലയിടത്തും സുജിത്തിന്റെ പേരില്ല. പൊലീസിന്റെ ലാത്തി തകർത്തതിനും 2022ൽ ആക്രമണത്തിനും 2023ൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസുകളുണ്ട്. ഇതിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിന്റെ ഭാഗമായാണ് സുജിത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചത്.
സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ സുജിത്ത് തന്നെ വിവരാവകാശ നിയമപ്രകാരം നേടിയെടുത്തതോടെയാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും തുടർന്ന് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതും. ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, സുജിത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന വാദമാണ് സി.പി.എം ഉയർത്തുന്നത്. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവന്ന രേഖകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

