മസ്ജിദിന്റെ വാതിലുകൾ അവർക്കായി തുറന്നുനൽകി; മതത്തിന്റെ വരമ്പുകൾക്കപ്പുറത്ത് പിറന്നത് മനുഷ്യസ്നേഹം
text_fieldsഅന്ത്യകർമങ്ങൾക്ക് ശേഷം പള്ളിക്കര ഖദീജ മസ്ജിദിൽനിന്ന് പ്രേമലതയുടെ മൃതദേഹം കൊണ്ടുവരുന്നു
ചങ്ങരംകുളം: മതത്തിന്റെയും വിശ്വാസത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്ത് മനുഷ്യസ്നേഹത്തിന്റെ പുതിയ ചരിത്രമെഴുതി ചങ്ങരംകുളം പള്ളിക്കര ഖദീജ മസ്ജിദ് കമ്മറ്റി. കാൻസർ ബാധിച്ച് മരിച്ച പ്രേമലതയുടെ അന്ത്യകർമങ്ങൾക്ക് മസ്ജിദിൽ സൗകര്യമൊരുക്കിയാണ് പള്ളി കമ്മിറ്റിയും നാട്ടുകാരും സൗഹാർദത്തിന്റെ പുതുവാതായനങ്ങൾ തുറന്നത്.
കുന്നംകുളം കക്കാട് സ്വദേശിനിയായ പ്രേമലത (52) ഭർത്താവ് സഹദേവനുമൊത്ത് 18 വർഷമായി പള്ളിക്കരയിലെ ഖദീജ മസ്ജിദിന് സമീപത്തെ വാടകവീട്ടിലായിരുന്നു താമസം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മരണാനന്തര ചടങ്ങുകൾ വീട്ടിൽ നടത്താനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തിൽ ബന്ധുക്കൾ സഹായം തേടിയതോടെ മസ്ജിദ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് പള്ളിയി0ൽ സൗകര്യമൊരുക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മസ്ജിദിൽ അന്ത്യകർമങ്ങൾ നടത്തി. തുടർന്ന് മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വനിതലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, എം.കെ. പ്രിയ, കെ.കെ. ജിജി, ടി. പുഷ്പ, കെ. സുഷമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പള്ളി കമ്മിറ്റി പ്രസിഡന്റ് എ.വി. അബ്ദു, സെക്രട്ടറി എം.പി. ബഷീർ, അഷ്റഫ് കാട്ടിൽ, എം.പി. സക്കീർ, അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റിയും യുവജന വിഭാഗവും സഹായം നൽകി.
പ്രേമലതയുടെ മകൾ നീതു പത്താം ക്ലാസ് വിദ്യാർഥിയാണ്.

